കേരളത്തിലെ വിദ്യാഭ്യാസ ഉന്നമനത്തിൽ നിർണായക പങ്കുവഹിച്ചത് പ്രവാസികൾ: ഡോ. ഗള്‍ഫാര്‍ മുഹമ്മദലി
ജാമിഅ മദീനത്തൂന്നൂർ വിക്ടറി ഗാല സമാപിച്ചു...
ജാമിഅ മദീനത്തുന്നൂർ വിക്ടറി ഗാല അവാർഡ് ദാന ചടങ്ങ് മർകസ് നോളജ് സിറ്റിയിൽ പ്രമുഖ വ്യവസായി ഡോ ഗൾഫാർ മുഹമ്മദലി ഉദ്ഘാടനം നിർവഹിക്കുന്നു
Markaz Live News
June 22, 2024
Updated
കൈതപ്പൊയിൽ: മലയാളികൾ ഇന്ന് കാണുന്ന വിദ്യാഭ്യാസ മുന്നേറ്റത്തിന് പിന്നിൽ പ്രവർത്തിച്ചത് പ്രവാസികളാണെന്ന് പ്രമുഖ വ്യവസായി ഡോ. ഗള്‍ഫാര്‍ മുഹമ്മദലി. ജാമിഅ മദീനത്തുന്നൂറിന് കീഴിൽ അക്കാദമിക് രംഗത്തെ മികവാര്‍ന്ന പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി മർകസ് നോളേജ് സിറ്റിയിൽ സംഘടിപ്പിച്ച 'വിക്ടറി ഗാല' പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹികമായി വളരെ പിന്നിലായിരുന്ന, സാക്ഷരത വളരെ കുറഞ്ഞ ഒരു കാലത്ത് നിന്നും പുതിയ തലമുറക്ക് വിദ്യാഭ്യാസം നൽകി വളർത്തിക്കൊണ്ട് വരുന്നതിൽ പാവപ്പെട്ട പ്രവാസികളുടെ പങ്ക് വലുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസരംഗത്ത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള മർകസ് സ്ഥാപനങ്ങൾ നിർവഹിക്കുന്ന ദൗത്യം ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആൾ ഇന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 507 റാങ്ക് ജേതാവായ അബ്ദുൽ ഫസൽ നൂറാനിക് മൊമെൻ്റേയും ആപ്കോ ക്യാഷ് പ്രൈസും സമ്മാനിച്ചു. രണ്ട് ഫുൾ ബ്രൈറ്റ് ഫെലോഷിപ്പ്, രണ്ട് പി ഡി എഫ്, നാല് നീറ്റ്, ആറ് ജെ ഇ ഇ , ജാം ജേതാക്കളേയും അഭിനന്ദിച്ചു. ഈയിടെയായി ഐ ഐ ടിയിൽ നിന്നും ജെൻയുവിൽ നിന്നും പി.എച്ച്.ഡി. അവാർഡ് ചെയ്ത ഡോ. മുജീബ് നൂറാനി , ഡോ ശാഹുൽ ഹമീദ് നൂറാനി, കൊളംബിയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ലഭിച്ച അബ്ദുൽ ഫത്താഹ് നൂറാനി,അശോക യങ് ഇന്ത്യ ഫെലോഷിപ്പ് ജേതാവ് അന്‍ഷിഫ് അലി നൂറാനിയെയും ആദരിച്ചു.
ജാമിഅ മദീനത്തൂന്നൂർ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു. ഉള്ളാൾ ദർഗ കോളേജ് പ്രിൻസിപ്പൽ അഹ്മദ് കുട്ടി സഖാഫി നെല്ലിക്കുത്ത് പ്രാർത്ഥന നിർവഹിച്ചു. സുഹൈര്‍ നൂറാനി വെസ്റ്റ് ബെംഗാള്‍ ആമുഖ ഭാഷണം നടത്തി. സംസ്ഥാന വിവരാവകാശ കമ്മീഷണർ എ എ ഹക്കീം നഹ, നോളേജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, ജാമിഅ മദീനത്തൂന്നൂർ പ്രൊ റെക്ടർ ആസഫ് നൂറാനി, എന്നിവർ സംസാരിച്ചു. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, മർകസ് ട്രഷറർ എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, സി പി ഉബൈദുല്ല സഖാഫി, മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂസ്വാലിഹ് സഖാഫി സംബന്ധിച്ചു.