എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ശേഖരിച്ച അവശ്യവസ്തുക്കള്‍ വയനാട്ടിലേക്ക് പുറപ്പെടുന്നു
Markaz Live News
August 01, 2024
Updated
നോളജ് സിറ്റി: മഴക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി എസ് വൈ എസ് താമരശ്ശേരി സോണ്‍ സാന്ത്വനം കമ്മിറ്റിയുടെയും ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ നിന്ന് എന്‍ എസ് എസ് വളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ സമാഹരിച്ച അവശ്യവസ്തുക്കള്‍ അധികൃതര്‍ക്ക് കൈമാറി. വയനാട് ഉള്‍പ്പെടെയുള്ള ദുരിത ബാധിത പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനൊപ്പം തന്നെ ജില്ലയിലെ വിവിധ ക്യാമ്പുകളിലേക്കും സാധനങ്ങള്‍ വിതരണം ചെയ്തു. നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കലക്ഷന്‍ പോയിന്റില്‍ നിന്ന് ഒമ്പത് വാഹനങ്ങളിലാണ് വിഭവങ്ങള്‍ വയനാട്ടിലേക്ക് പുറപ്പെട്ടത്.
കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട്, ചെമ്പുകടവ്, പുതുപ്പാടി പഞ്ചായത്തിലെ മൈലള്ളാംപാറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളിലേക്കാണ് അവശ്യ വസ്തുക്കള്‍ കൈമാറിയത്. കോടഞ്ചേരിയിലേക്ക് ആവശ്യമായ വസ്തുക്കള്‍ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏലിയമ്മ സെബാസ്റ്റ്യന്‍ കണ്ടത്തില്‍, ലിസി ചാക്കോ, ചിന്ന അശോകന്, നോളജ് സിറ്റി സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, എസ് വൈ എസ് സര്‍ക്കിള്‍ ഭാരവാഹികളായ ഉനൈസ് സഖാഫി, ഉസ്മാന് വള്ളിയാട്, എന്‍ എസ് എസ് കോഴിക്കോട് ജില്ലാ കോഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ഡോ. മന്‍സൂര്‍, ഡോ. സുരേഷ് പി, മര്‍കസ് ലോ കോളജ് പ്രോഗ്രാം ഓഫീസര്‍ ഇബ്റാഹീം മുണ്ടക്കല്‍, ഹോസ്പിറ്റല്‍ അധികൃതരായ ഡോ. നബീല്‍, ഇബ്നു ബാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.