ഈജിപ്തിലെ മലബാർ പഠന ഗവേഷണ കേന്ദ്രം കാന്തപുരം ഉദ്ഘാടനം ചെയ്തു.
മലബാറിലെ ഇസ്ലാമിക പണ്ഡിതരുടെ വിജ്ഞാനങ്ങളും ഗ്രന്ഥങ്ങളും ലോക ഇസ്ലാമിക സമൂഹത്തിന്...
മലബാറിലെ ഇസ്ലാമിക പണ്ഡിതരുടെ വിജ്ഞാനങ്ങളും ഗ്രന്ഥങ്ങളും ലോക ഇസ്ലാമിക സമൂഹത്തിന്...
കൈറോ: മലബാറിലെ ഇസ്ലാമിക പണ്ഡിതരുടെ വിജ്ഞാനങ്ങളും ഗ്രന്ഥങ്ങളും ലോക ഇസ്ലാമിക സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ ആരംഭിച്ച 'രിവാഖുൽ മലൈബാരിയ്യീൻ' പഠന ഗവേഷണ കേന്ദ്രം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. അൽ അസ്ഹറിലെ മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ ഹൈഅത്തുൽ തലബത്തുൽ മലൈബാരിയ്യീന്റെ കീഴിലാണ് ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഇമാം ബുഖാരിയുടെ സ്വഹീഹുൽ ബുഖാരി പാരായണം ചെയ്തായിരുന്നു ഉദ്ഘാടനം.
ഇസ്ലാമിക വൈജ്ഞാനിക പ്രസരണത്തിൽ വലിയ പങ്കു വഹിച്ച ഇജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ തുടർന്ന് വരുന്ന പ്രാദേശിക ഇസ്ലാമിക വിജ്ഞാന ഗവേഷണ കേന്ദ്രങ്ങളായ രിവാഖുകളുടെ മാതൃകയിലാണ് രിവാഖുൽ മലൈബാരിയ്യീൻ സംവിധാനിച്ചിരിക്കുന്നത്. മലബാറിലെയും ലോക പ്രശസ്ത ശാഫിഈ പണ്ഡിരുടെയും ക്ലാസുകൾ രിവാഖിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. ഇസ്ലാമിക വിജ്ഞാന രംഗത്തെ മലബാറിന്റെ സംഭാവനകളായ ഫത്ഹുൽ മുഈൻ, അദ്കിയ, ഖുലാസതുൽ ഫിഖ്ഹുൽ ഇസ്ലാമി തുടങ്ങിയ ഗ്രന്ഥങ്ങളുടെ ക്ലാസുകളും ചർച്ചകളുമാണ് പ്രഥമ ഘട്ടത്തിൽ ഈ കേന്ദ്രത്തിൽ ആരംഭിക്കുന്നത്.
ഹൽഖ ഫൗണ്ടേഷൻ സെക്രട്ടറി ഡോ. സൈമൂർ നസീറോഫ് (അസർബൈജാൻ) രിവാഖിൻ്റെ മീഡിയ ലോജിങ് നിർവഹിച്ചു. ഡോ. അംറുൽ വിർദാനി ഈജിപ്ത്, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ, വേൾഡ് മലയാളി ഫെഡറേഷൻ ആഫ്രിക്ക റീജണൽ സെക്രട്ടറി അയ്യൂബി അസ്ഹരി നെല്ലിക്കാട്ടിരി, ഈജിപ്ത് ഇന്ത്യൻ സ്റ്റൂഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റ് ഫൈറൂസ് അഹ്മദ് യു പി, ഹൈഅതുൽ മലൈബാരിയ്യീൻ പ്രസിഡൻ്റ് ഹസ്ബുല്ല സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.