ഈജിപ്ഷ്യൻ ഔഖാഫിന്റെ ട്രെയിനിങ് പൂർത്തിയാക്കി ആദ്യ ഇന്ത്യൻ സംഘം
സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും വാക്താക്കളാവുക; ഈജിപ്ഷ്യൻ ഔഖാഫിന്റെ ട്രെയിനിങ് പൂർത്തിയാക്കി ആദ്യ ഇന്ത്യൻ സംഘം...
സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും വാക്താക്കളാവുക; ഈജിപ്ഷ്യൻ ഔഖാഫിന്റെ ട്രെയിനിങ് പൂർത്തിയാക്കി ആദ്യ ഇന്ത്യൻ സംഘം...
കോഴിക്കോട്: സഹിഷ്ണുതയും സഹവർത്തിത്വവും പ്രചരിപ്പിക്കുകയും വൈവിധ്യങ്ങളെ ഉൾക്കൊണ്ട് മധ്യമനിലപാട് സ്വീകരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെ ഈജിപ്ത് ഔഖാഫ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഓഫീസുമായി ചേർന്ന് നടത്തിയ പരിശീലന പര്യടനം പൂർത്തിയായി. ഈജിപ്തിലെ ഉന്നത സർവകലാശാലകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും നടന്ന 15 ദിവസത്തെ പരിശീലനത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാൻഡ് മുഫ്തി സോണൽ ഓഫീസുകളളെ പ്രതിനിധീകരിച്ച് 20 പേർ പങ്കെടുത്തു. ഈജിപ്ഷ്യൻ സർക്കാരിന്റെ മതകാര്യ വകുപ്പിനുകീഴിൽ സംഘടിപ്പിച്ച പരിശീലന പരിപാടികൾക്ക് ഔഖാഫ് മന്ത്രി ഡോ. മുഖ്താർ ജുമുഅ, ഈജിപ്ഷ്യൻ ഗ്രാൻഡ് മുഫ്തി ശൗഖി അല്ലാം, മുൻ ഗ്രാൻഡ് മുഫ്തി ഡോ. അലി ജുമുഅ നേതൃത്വം നൽകി.
നാഗരികതയെയും സംസ്കാരങ്ങളെയും മതങ്ങളെയും ബഹുസ്വരതയെയും ഉൾക്കൊള്ളുകയും സംരക്ഷിക്കുകയും ചെയ്ത പാരമ്പര്യമാണ് ഈജിപ്തിനെയും ഇന്ത്യയേയും ഒന്നിപ്പിക്കുന്ന ഘടകമെന്ന് പരിശീലന പര്യടന അംഗങ്ങളായ ഇരുരാജ്യങ്ങളിലെയും പണ്ഡിതർ നിരീക്ഷിച്ചു. രാജ്യസ്നേഹവും ബഹുസ്വരതയും ഇസ്ലാമിക മൂല്യങ്ങളുടെ കാതലുകളിൽ പ്രധാനമാണെന്നും ഇതുൾക്കൊള്ളുന്നതിലൂടെ മാത്രമേ സമാധാനപൂർണമായ സാമൂഹിക ജീവിതം സാധ്യമാകൂ എന്നും സംഗമങ്ങൾ അഭിപ്രായപ്പെട്ടു. പര്യടനത്തിന്റെ ഭാഗമായി ഈജിപ്തിലെ പ്രമുഖ കലാലയങ്ങളും പൈതൃക കേന്ദ്രങ്ങളും സംഘം സന്ദർശിക്കുകയും ഉന്നതരുമായി സംവദിക്കുകയും ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ സന്ദേശവും സമ്മാനവും ഔഖാഫ് മന്ത്രിക്ക് സംഘം കൈമാറി. ഈജിപ്തിലെ ഉന്നത സർവകലാശാലകളും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാവാനും സംസ്കാരം, ഭാഷ, സാഹിത്യം, മതവിദ്വേഷത്തിനും തീവ്രവാദത്തിനും എതിരായ പോരാട്ടം എന്നീ രംഗങ്ങളിൽ ഗവേഷണങ്ങളും പഠനങ്ങളും പ്രോത്സാഹിപ്പിക്കാനും ഇത്തരം സാംസ്കാരിക- വിദ്യാഭ്യാസ പര്യടനങ്ങളിലൂടെ സാധിക്കുമെന്ന് സംഘാംഗങ്ങൾ അഭിപ്രായപ്പെട്ടു.