വികാരാർദ്ര ഓർമകളുണർത്തി 'ഉമ്മയോടൊപ്പം' മാതൃ സംഗമം
'ഉമ്മയോടൊപ്പം' മാതൃസംഗമത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
'ഉമ്മയോടൊപ്പം' മാതൃസംഗമത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കോഴിക്കോട്: വർഷങ്ങൾക്കുമുമ്പ് മക്കളുടെ കൈപിടിച്ച് വന്ന സ്ഥലത്തേക്ക് അവർ മക്കൾക്കും പേരമക്കൾക്കുമൊപ്പം വീണ്ടുമെത്തി, തങ്ങളുടെ മക്കൾ പഠിച്ച വിദ്യാലയവും അവരെ വളർത്തിയ അധ്യാപകരെയും കാണാൻ. മർകസ് ഓർഫനേജ് പൂർവവിദ്യാർഥി സംഘടനയായ ഓസ്മോയുടെ ആഭിമുഖ്യത്തിൽ നടന്ന 'ഉമ്മയോടൊപ്പം' മാതൃസംഗമം ഏറെ വൈകാരികവും ഹൃദയസ്പർശവുമായ രംഗങ്ങൾ സമ്മാനിച്ചാണ് പിരിഞ്ഞത്. ഭർത്താവിന്റെ ആകസ്മികമോ അപ്രതീക്ഷിതമോ ആയ വിയോഗത്താൽ പിഞ്ചുമക്കളുടെ പഠനവും ചെലവുകളും എന്തുചെയ്യുമെന്ന ആധിയിൽ കഴിഞ്ഞിരുന്ന 3771 വിദ്യാർഥികളുടെ ഉമ്മമാർക്കാണ് കഴിഞ്ഞ 44 വർഷമായി റൈഹാൻ വാലി എന്നറിയപ്പെടുന്ന മർകസ് അനാഥാലയം തുണയായത്. പലപ്പോഴും മക്കളെ സ്ഥാപനത്തിൽ ചേർക്കാൻ ഉമ്മമാർ നേരിട്ടായിരുന്നു മർകസിൽ എത്തിയിരുന്നത്. ബന്ധുക്കളിൽ നിന്നോ അയൽക്കാരിൽ നിന്നോ നാട്ടിലെ മതാധ്യാപകരിൽ നിന്നോ അനാഥർക്ക് നൽകുന്ന ഉന്നത വിദ്യാഭ്യാസവും സൗകര്യങ്ങളും കേട്ടറിഞ്ഞായിരുന്നു മക്കളെയും കൂട്ടി വർഷങ്ങൾക്ക് മുമ്പ് അവർ മർകസിലെത്തിയത്. അവരെല്ലാം പഠനം പൂർത്തിയാക്കി ഉന്നത ജോലി നേടുകയും വിവാഹിതരാവുകയും ചെയ്ത് വർഷങ്ങൾ പിന്നിട്ടപ്പോഴാണ് പൂർവ്വവിദ്യാർഥികൾ തങ്ങളുടെ മാതാക്കളെ മർകസിന്റെ മുറ്റത് വീണ്ടും ഒരുമിച്ചുകൂട്ടാൻ തീരുമാനിക്കുന്നത്. റൈഹാൻ വാലിയിൽ നിന്ന് പഠനം പൂർത്തിയാക്കി ഇറങ്ങിയ 34 ബാച്ചുകളിലെ വിദ്യാർഥികളുടെ മാതാക്കളാണ് കഴിഞ്ഞ ദിവസം മർകസ് ചെയർമാൻ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സാന്നിധ്യത്തിൽ ഒരുമിച്ചുകൂടിയത്. കേരളത്തിലെയും കർണാടകയിലെയും തമിഴ്നാട്ടിലെയും ലക്ഷദ്വീപിലെയും വിവിധയിടങ്ങളിൽ നിന്നായി 3697 പങ്കെടുത്ത മാതൃസംഗമം അഡ്വ. പിടിഎ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വവിദ്യാർഥികൾ അവരുടെ പഠനകാല അനുഭവങ്ങളും ഓർമകളും ചടങ്ങിൽ പങ്കുവെച്ചു. സംഗമത്തിൽ പങ്കെടുത്തവർക്കെല്ലാം കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉപഹാരം നൽകി. 1978 ൽ ആരംഭിച്ച മർകസ് റൈഹാൻ വാലി ഓർഫനേജിൽ നിന്ന് ഇതുവരെ 3215 പേരാണ് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. പ്രാഥമിക തലം മുതൽ ഉന്നതബിരുദം നേടുന്നത് വരെയുള്ള ഇവരുടെ എല്ലാ ചെലവുകളും വഹിച്ചത് മർകസായിരുന്നു. പൂർവ്വവിദ്യാർഥികളിൽ ഏറെ പേരും മെഡിക്കൽ, എൻജിനീയറിങ്, അധ്യാപനം, സംരംഭകത്വം, ഗവണ്മെന്റ്, പ്രവാസം എന്നീ മേഖലകളിലാണ് സേവനം ചെയ്യുന്നത്. പൂർവ്വവിദ്യാർഥി സംഘടനയായ 'ഓസ്മോ' യുടെ ആഭിമുഖ്യത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും വിദ്യാഭ്യാസപ്രവർത്തനങ്ങളും നടന്നുവരുന്നു. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന മാതൃ സംഗമത്തിൽ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ, സിപി ഉബൈദുല്ല സഖാഫി, മർസൂഖ് സഅദി, ഡോ. മുജീബ്, സലാം കോളിക്കൽ, അബ്ദുസ്സമദ് എടവണ്ണപ്പാറ, സലാമുദ്ദീൻ നെല്ലാങ്കണ്ടി, ബഷീർ പാലാഴി, അബ്ദുസ്സമദ് യൂണിവേഴ്സിറ്റി സംസാരിച്ചു.