മലൈബാർ ക്ലൈമറ്റ് ആക്ഷൻ പ്രഖ്യാപനത്തോടെയാണ് സമാപനം...
മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയിൽ, നെതർലാന്റിലെ വേൾഡ് അക്കാദമി ഓഫ് മെഡിക്കൽ സയൻസ് സീനിയർ വൈസ് പ്രസിഡന്റ് ഡോ. രമേശ് സിംഗ് ചൗഹാൻ താക്കൂർ പ്രബന്ധം അവതരിപ്പിക്കുന്നു
Markaz Live News
October 18, 2022
Updated
കോഴിക്കോട്: നാൽപത് രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം അക്കാദമിക് വിദഗ്ദർ, ശാസ്ത്രജ്ഞർ, നയതന്ത്ര പ്രതിനിധികൾ, മത പണ്ഡിതർ, വിദ്യാഭ്യാസ വിചക്ഷണർ എന്നിവരുടെ ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയായ അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി ഇന്ന്(ബുധൻ) സമാപിക്കും. മൂന്നു ദിവസത്തെ ചർച്ചകൾ ക്രോഡീകരിച്ചുകൊണ്ട് ഉച്ചകോടി ചെയർമാൻമാരായ ഡോ. ഉസാമ അൽ അബ്ദുവും (ജനറൽ സെക്രട്ടറി, ലീഗ് ഓഫ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ്, കൈറോ), ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അൽ അസ്ഹരി (റെക്ടർ, ജാമിഅ മർകസ്, ഇന്ത്യ) ചേർന്ന് മലൈബാർ ക്ലൈമറ്റ് ആക്ഷൻ പ്രഖ്യാപനം നടത്തുന്നതോടെയാണ് മൂന്നു ദിവസമായി മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി ഔദ്യോഗികമായി സമാപിക്കുക. ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗിൽ അംഗങ്ങളായ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 200 യൂണിവേഴ്സിറ്റി മേധാവികൾ ഒപ്പുവെച്ച പ്രഖ്യാപനം കാലാവസ്ഥാ വ്യതിയാനത്തോടും അനുബന്ധ പ്രശ്നങ്ങളോടും അറബ്-ഇസ്ലാമിക് യൂണിവേഴ്സിറ്റികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സമീപനം വ്യക്തമാക്കുന്ന നയരേഖയായിരിക്കും.
അന്തരീക്ഷ താപനില 1.5 ഡിഗ്രി വരെ കുറച്ച് കൊണ്ട് കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ അനന്തര ഫലങ്ങളും ചെറുക്കുന്നതിനു വേണ്ടി അറബ്- ഇസ്ലാമിക് ലോകത്തെ അക്കാദമിക് സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട പ്രവർത്തന പദ്ധതികൾ വിശദീകരിക്കുന്ന രേഖ, 2022 നവംബറിൽ ഈജിപ്തിൽ നടക്കുന്ന യു. എൻ കാലാവസ്ഥാ ഉച്ചകോടിയിൽ അറബ്-ഇസ്ലാമിക് രാജ്യങ്ങൾ സ്വീകരിക്കേണ്ട നിലപാടുകൾ രൂപപ്പെടുത്തുന്നതിനുള്ള അടിസ്ഥാന രേഖകളിൽ ഒന്നായിരിക്കും.
ഇന്നലെ(ചൊവ്വ) നടന്ന വിവിധ സെഷനുകളിൽ 48 പ്രതിനിധികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സുസ്ഥിരമായി പരിഹരിക്കാൻ കാലാവസ്ഥാ വ്യതിയാനത്തോട് ധാർമ്മികമായ സമീപനം സ്വീകരിക്കണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തോടുള്ള ദൈവശാസ്ത്ര വീക്ഷണങ്ങൾ, ആഗോളതാപന കാലത്തെ കല, വാസ്തുവിദ്യ, സാങ്കേതികവിദ്യ എന്നിവയെക്കുറിച്ച് ഇന്ന് നടക്കുന്ന സംവാദങ്ങളിൽ 26 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
ഉച്ചകോടിയോടുബന്ധിച്ച് സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന പുതിയ കണ്ടുപിടുത്തങ്ങൾ, ഉപകരണങ്ങൾ, പദ്ധതികൾ എന്നിവ പ്രദർശിപ്പിക്കുന്ന എക്സ്പോ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും സന്ദർശിച്ചു. ഉച്ചകോടിയുടെ സന്ദേശം പോതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി എട്ടോളം പ്രീ-സമ്മിറ്റ് പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചകോടിയോടുള്ള ഐകദാർഢ്യമെന്ന നിലയിൽ ജാമിഅ മർകസ് പ്രഖ്യാപിച്ച വനവൽക്കരണ പദ്ധതി ഇന്ത്യയിലെ വിവിധ സംശയങ്ങളിലായി 100 ഏക്കർ സ്ഥലത്തേക്ക് വ്യാപിപ്പിക്കുമെന്നും മർകസ് പ്രഖ്യാപിച്ച മില്യൺ ട്രീ പദ്ധതി ഇസ്ലാമിക് യൂണിവേഴ്സിറ്റി ലീഗിനു കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ഉച്ചകോടിയുടെ ചെയർമാൻ കൂടിയായ ഡോ. അബ്ദുൽ ഹകീം അസ്ഹരി അറിയിച്ചു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ കാർമ്മികത്വത്തിൽ, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാമിഅ മർകസും കൈറോ ആസ്ഥാനമായി പ്രവർത്തിക്കുന്ന 200ലധികം വരുന്ന അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളുടെ കൂട്ടായ്മയയായ ഇസ്ലാമിക് യൂണിവേഴ്സിറ്റിസ് ലീഗും സംയുകതമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.