സഹപാഠിയുടെ വീട് ജപ്തി; വായ്പ അടച്ച് മർകസ് ഫാത്തിമാബി മെമ്മോറിയിൽ സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്
സുമനസ്സുകളുടെ സഹായവും വിദ്യാർഥികൾ സമാഹരിച്ച തുകയും ചേർത്ത് ബാങ്കിൽ അടച്ച് വീടിന്റെ ആധാരം തിരിച്ചെടുത്തു....
ബാങ്കിന്റെ ജപ്തി ഭീഷണി നേരിട്ട സഹപാഠിയുടെ വീടിന്റെ വായ്പ അടച്ച് തീർത്ത് ആധാരം കൂമ്പാറ മർകസ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ക്ലാസ് ടീച്ചർക്ക് കൈമാറുന്നു
Markaz Live News
November 08, 2022
Updated
കോഴിക്കോട്: സഹപാഠിയുടെ വീടിന്റെ ജപ്തി ഒഴിവാക്കാൻ പിരിവെടുത്ത് വായ്പഅടച്ചുതീർത്ത് കൂമ്പാറ മർകസ് ഫാത്തിമാബി മെമ്മോറിയൽ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്. ‘സ്വപ്നക്കൂട്’ പദ്ധതിയിൽ നാലു സഹപാഠികൾക്കു വീടു നിർമിച്ചു നൽകിയതിനു പുറമേയാണു മറ്റൊരു സഹപാഠിയുടെ വീടിനെ ജപ്തിയിൽ നിന്നു രക്ഷിക്കാനും എൻഎസ്എസ് വിദ്യാർഥികൾ കരുതലിന്റെ കരങ്ങളുമായെത്തിയത്.നിർധന കുടുംബാംഗമായ കുട്ടിയുടെ പിതാവ് രണ്ടു വർഷം മുൻപു രോഗം ബാധിച്ചു മരണപ്പെട്ടിരുന്നു. വീടു പണിയാൻ വേണ്ടി ആറു വർഷം മുൻപു ബാങ്കിൽ നിന്നെടുത്ത വായ്പ ഇതിനിടയിൽ കുടിശികയായി. പലിശ ഉൾപ്പെടെ രണ്ടു ലക്ഷം രൂപയിലേറെ ബാങ്കിൽ അടയ്ക്കാനുണ്ടായിരുന്നു.
നിത്യജീവിതത്തിനു തന്നെ ബുദ്ധിമുട്ടുന്ന കുടുംബത്തിലേക്കു ബാങ്കിൽ നിന്നു ജപ്തി നോട്ടിസ് എത്തുകയും ചെയ്തു. രക്ഷിതാവ് മരിച്ചുപോയ കുട്ടികൾക്കായുള്ള ‘സ്നേഹപൂർവം’ സ്കോളർഷിപ് പദ്ധതിയുടെ വിവര ശേഖരണത്തിനിടയിൽ വിദ്യാർഥിനിയുടെ ദുരിത ജീവിത പശ്ചാത്തലം തിരിച്ചറിഞ്ഞ ക്ലാസ് ടീച്ചർ അക്കാര്യം സഹപ്രവർത്തകരുമായി പങ്കുവച്ചു. വിവരമറിഞ്ഞ എൻഎസ്എസ് യൂണിറ്റ് മുന്നിട്ടിറങ്ങി. സുമനസ്സുകളുടെ സഹായവും വിദ്യാർഥികൾ സമാഹരിച്ച തുകയും ചേർത്ത് ബാങ്കിൽ അടച്ച് വീടിന്റെ ആധാരം തിരിച്ചെടുത്തു. സ്കൂളിൽ നടന്ന ചടങ്ങിൽ ആധാരം സഹപാഠിയുടെ ക്ലാസ് ടീച്ചർക്ക് കൈമാറി. എൻഎസ്എസ് സംസ്ഥാന കോഓർഡിനേറ്റർ ഡോ.ജേക്കബ് ജോൺ, റീജനൽ കോഓർഡിനേറ്റർ മനോജ് കുമാർ, ജില്ലാ കോഓർഡിനേറ്റർമാരായ എം.കെ.ഫൈസൽ, എസ്.ശ്രീജിത്, ക്ലസ്റ്റർ കോഓർഡിനേറ്റർ സില്ലിബി കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, പ്രിൻസിപ്പൽ കെ.അബ്ദുൽ നാസർ, പ്രധാന അധ്യാപകൻ നിയാസ് ചോല, പ്രോഗ്രാം ഓഫിസർ വി.കെ.അബ്ദുസലാം എന്നിവർ പങ്കെടുത്തു.