നോളജ് സിറ്റിയിൽ തൊഴിൽ പരിശീലന കേന്ദ്രം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
നോളജ് സിറ്റിയിലെ എച്ച് ടി ഐ (ഹോഗർ ടെക്നോളോജിസ് ആൻഡ് ഇന്നോവേഷൻസ്) കമ്പനിയുടെ കീഴിലാണ് തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. ...
മർകസ് നോളജ് സിറ്റിയിൽ ആരംഭിക്കുന്ന തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിക്കുന്നു
Markaz Live News
November 13, 2022
Updated
കോഴിക്കോട്: വിദ്യാഭ്യാസ യോഗ്യതകൾക്ക് പുറമെ അധിക നൈപുണ്യങ്ങൾ ആർജ്ജിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മർകസ് നോളജ് സിറ്റിയിൽ ആരംഭിക്കുന്ന തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വിദ്യാ സമ്പന്നരായ ആളുകൾ ധാരാളം ഉണ്ട്. അതേ സമയം വിദ്യാ സമ്പന്നരുടെ തൊഴിലില്ലാഴ്മയും ഇവിടെ വളരെ കൂടുതലാണ്. ഇതിന്റെ പ്രധാന കാരണം പുതിയ തൊഴിലുകൾക്ക് പ്രാപ്തരാക്കാൻ നിലവിൽ നാം ആർജ്ജിച്ചിട്ടുള വിദ്യാഭ്യാസ യോഗ്യതകൾ പോരാ എന്നതാണ്. ഉന്നത വിദ്യാഭ്യാസത്തിനപ്പുറം ചില അധിക നൈപുണ്യങ്ങൾ അതിനു വേണ്ടി വരുന്നു. അതിനാൽ ഇത്തരം അധിക നൈപുണ്യങ്ങൾ ആർജ്ജിക്കാൻ എല്ലാവരും തയ്യാറാകണം, കൂടാതെ ആർജ്ജിച്ച നൈപുണ്യം നിരന്തരമായി നവീകരിച്ചു കൊണ്ടിരിക്കുകയും വേണം, മന്ത്രി പറഞ്ഞു.
നൈപുണ്യ വികസനം തൊഴിൽ സൃഷ്ടിക്കുന്നതിലും പ്രാദേശിക സാമ്പത്തിക വികസനം ഉറപ്പാക്കുന്നതിലും ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇതിനായി കേരള ഗവൺമെന്റ് ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സംസ്ഥാന ഗവൺമെന്റിനെ പിന്തുണക്കുന്ന പദ്ധതികളാണ് നോളജ് സിറ്റിയിൽ ഉള്ളത്. സാമ്പത്തിക വികസനത്തിലൂടെ സാമൂഹിക ശാക്തീകരണം എന്ന ദിശയിലൂടെ വളരെ പ്രധാനപ്പെട്ട ചുവടുവെപ്പ് നടത്തുന്ന നോളജ് സിറ്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്, എം ബി രാജേഷ് കൂട്ടിച്ചേർത്തു.
നോളജ് സിറ്റിയിലെ എച്ച് ടി ഐ (ഹോഗർ ടെക്നോളോജിസ് ആൻഡ് ഇന്നോവേഷൻസ്) കമ്പനിയുടെ കീഴിലാണ് തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലെ സ്ത്രീകൾക്ക് ടെക്നോളജി വീട്ടുപകരണങ്ങളിൽ നൈപുണ്യ പരീശീലനം നൽകുന്നതിലൂടെ സ്വയം വരുമാനം കണ്ടെത്താൻ സഹായിക്കുന്നതാണ് പദ്ധതി. വീട്ടമ്മമാർക്കും, സ്ഥിര ജോലിയുള്ള വനിതകൾക്കുമെല്ലാം ഒരു ദിവസം ഒരു മണിക്കൂർ സമയം ചിലവഴിക്കുന്നതിലൂടെ അധിക വരുമാനം നേടാൻ ഇതിലൂടെ സാധ്യമാകും. മൈഡ് ഇൻ ഇന്ത്യ, എമർജിങ് കേരള പദ്ധതികൾക്ക് സഹായകമായി ഓരോ വീടുകളും ഉത്പാദന കേന്ദ്രങ്ങൾ ആക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഈ പദ്ധതി, വ്യക്തി, സമൂഹം, രാജ്യം തുടങ്ങിയവയുടെ സാമ്പത്തിക - സാംസ്കാരിക ഉന്നമനത്തിനു ഏറെ സഹായകമായേക്കുമെന്നാണ് പ്രതീക്ഷ.
തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകിം അസ്ഹരി, ഡോ. അബ്ദുസ്സലാം, അഡ്വ. തൻവീർ, ഡോ. നിസാം, ഡോ. ഹംസ അഞ്ചുമുക്കിൽ, മുഹമ്മദ് നാസിം തുടങ്ങിയവർ സംസാരിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസ്സി ചാക്കോ, പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്തട്ടിൽ, യൂസുഫ് ഹൈദർ, ഹാജി സൈഫുദ്ധീൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.