ജനങ്ങളെ ഒരുമിച്ചു നിർത്തലാണ് തന്റെ ദൗത്യം: ശശി തരൂർ
കാശ്മീർ മുതൽ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന മർകസ് സ്ഥാപനങ്ങളും വിദ്യാർത്ഥികളും രാജ്യത്തിനും സമൂഹത്തിനും വേണ്ടി സേവനം ചെയ്യുമെന്നാണ് എന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു....
ഡോ. ശശി തരൂർ മർകസിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്നു.
Markaz Live News
November 25, 2022
Updated
കോഴിക്കോട്: എല്ലാവരെയും ഒരുമിച്ചു നിർത്തി രാജ്യ പുരോഗതിക്കും വളർച്ചക്കും വേണ്ടി പ്രവർത്തിക്കുക എന്നതാണ് തന്റെ രാഷ്ട്രീയ ദൗത്യമെന്ന് ഡോ. ശശി തരൂർ എം പി. മർകസിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കാന്തപുരം ഉസ്താദിന്റെ മനസ്സും മനോഭാവവും അറിയാൻ കഴിഞ്ഞ ഒരാളാണ് ഞാൻ. കാശ്മീർ മുതൽ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന മർകസ് സ്ഥാപനങ്ങളും വിദ്യാർത്ഥികളും രാജ്യത്തിനും സമൂഹത്തിനും വേണ്ടി സേവനം ചെയ്യുമെന്നാണ് എന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലൂടെ ഡോ. അംബേദ്കർ ആഗ്രഹിച്ചതുപോലെ എല്ലാവിഭാഗം ജനങ്ങൾക്കും സന്തോഷത്തോടെ വസിക്കാൻ സാധിക്കുന്ന ഇന്ത്യക്കുവേണ്ടിയാവണം നമ്മുടെ പ്രവർത്തനം. എല്ലാ ജാതിമത വിഭാഗങ്ങളെയും ഒന്നായിക്കാണുന്ന സമീപനം ഉണ്ടാകുമ്പോഴേ സമുദായങ്ങൾക്കിടയിൽ സാഹോദര്യം ഉണ്ടാവൂ. എങ്കിലേ രാജ്യത്തിന് ഒന്നാമതെത്താൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും മർകസ് വൈസ് പ്രസിഡന്റും പ്രധാനാധ്യാപകനുമായ കാന്തപുരം എപി മുഹമ്മദ് മുസ്ലിയാരെ അദ്ദേഹം ചടങ്ങിൽ അനുസ്മരിച്ചു. എംകെ രാഘവൻ എം.പി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, മർകസ് നോളേജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സി യൂസുഫ് ഹൈദർ, മജീദ് കക്കാട് സംബന്ധിച്ചു.