യു എ ഇ ദേശീയ ദിനാഘോഷം: ദുബൈ മർകസ് ബഹുജന റാലി നാളെ
മർകസ് മദ്റസയിലെ വിദ്യാർഥികളും സാഹിത്യോത്സവ് പ്രതിഭകളും അവതരിപ്പിക്കുന്ന വിവിധ കലാ സാംസ്കാരിക പരിപാടികൾ റാലിക്ക് മാറ്റുകൂട്ടും....
മർകസ് മദ്റസയിലെ വിദ്യാർഥികളും സാഹിത്യോത്സവ് പ്രതിഭകളും അവതരിപ്പിക്കുന്ന വിവിധ കലാ സാംസ്കാരിക പരിപാടികൾ റാലിക്ക് മാറ്റുകൂട്ടും....
ദുബൈ: യു എ ഇയുടെ 51ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ മർകസ് സംഘടിപ്പിക്കുന്ന ബഹുജന റാലി നാളെ (ഡിസംബർ 2) വെള്ളിയാഴ്ച രാവിലെ എട്ടിന് ദുബൈ മുതീന പാർക്കിൽ നടക്കും. ദുബൈ പോലീസ്, ഇസ്ലാമിക് അഫേഴ്സ് ഡിപ്പാർട്ട്മെന്റുകളുടെ അനുമതിയോടെ ഐ സി എഫ്, ആർ എസ്, സി, കെ സി എഫ്, മർകസ് അലുംനി, സഖാഫി ശൂറ തുടങ്ങിയ പ്രാസ്ഥാനിക കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ബഹുജന റാലി സംഘടിപ്പിച്ചിട്ടുള്ളത്. നൂറുകണക്കിന് വിദ്യാർഥികളും സ്വദേശി പ്രമുഖരും അണിനിരക്കും.
സഹവർത്തിത്വത്തിന്റെയും പുരോഗതിയുടെയും പാതയിലേക്ക് ലോകത്തിന് തന്നെ മാതൃകയായി രാജ്യത്തെ നയിക്കുന്ന യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും മലയാളി സമൂഹത്തിന്റെ അഭിനന്ദനം അറിയിച്ചു കൊണ്ടും, രാജ്യത്തിന്റെ ആഘോഷത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ ഐക്യദാർഢ്യവുമായാണ് ബഹുജന റാലി ഒരുക്കിയിട്ടുള്ളത്.
മർകസ് മദ്റസയിലെ വിദ്യാർഥികളും സാഹിത്യോത്സവ് പ്രതിഭകളും അവതരിപ്പിക്കുന്ന വിവിധ കലാ സാംസ്കാരിക പരിപാടികൾ റാലിക്ക് മാറ്റുകൂട്ടും. ദുബൈ പോലീസ് ഉദ്യോഗസ്ഥർക്കു പിന്നിൽ യു എ ഇ ഭരണാധികാരികൾക്കും രാഷ്ട്രത്തിലെ ജനങ്ങൾക്കും അഭിവാദ്യമർപ്പിച്ചുള്ള ബാനറുകളും ദേശീയ പതാകയും ഉയർത്തിപ്പിടിച്ച് മർകസ് നേതാക്കളും പ്രവർത്തകരും വാണിജ്യ പ്രമുഖരും അറബി കലാരൂപങ്ങളും കേരള മാപ്പിള കലാപ്രകടനവുമായി അണിനിരക്കും. റാലിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള പ്രവർത്തകർ രാവിലെ 7.30 ന് മുതീന പാർക്ക് പരിസരത്ത് എത്തണമെന്ന് ദുബൈ മർകസ് ഓഫീസിൽ നിന്ന് അറിയിച്ചു. വിവരങ്ങൾക്ക്: 042973999.