മർകസ് ലോ കോളജ് റിസർച്ച് ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തി
മാനവിക വിഷയങ്ങളിലെയും മറ്റു സാമൂഹിക ശാസ്ത്ര പഠന വിഭാഗങ്ങളിലെയും വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ട് നിയമ പഠന മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവേഷണ പഠന കേന്ദ്രം ആരംഭിക്കുന്നത്....
മർകസ് നോളജ് സിറ്റിയിലെ മർകസ് ലോ കോളേജിനായി പുതുതായി നിർമിക്കുന്ന റിസർച്ച് ബ്ലോക്കിന്റെ ശിലാ സ്ഥാപനം കേരള ഹൈ കോടതി ജഡ്ജ് പി വി കുഞ്ഞികൃഷ്ണൻ നിർവഹിക്കുന്നു
Markaz Live News
December 07, 2022
Updated
നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന മർകസ് ലോ കോളജിനായി പുതുതായി നിർമിക്കുന്ന റിസർച്ച് ബ്ലോക്കിന്റെ ശിലാ സ്ഥാപനവും കോൺസ്റ്റിറ്റ്യൂഷണൽ ചെയർ ഉദ്ഘാടനവും കേരള ഹൈക്കോടതി ജഡ്ജ് പി വി കുഞ്ഞികൃഷ്ണൻ നിർവഹിച്ചു.
വിവിധ കാലങ്ങളിൽ ഉയർന്നു വരുന്ന രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ വെല്ലുവിളികളെ അതിജീവിക്കാൻ ഇന്ത്യൻ ഭരണ ഘടന പ്രാപ്തമാണ് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടന ഉയർത്തി പിടിക്കുന്ന മൂല്യങ്ങൾ പ്രചരിപ്പിക്കൽ ഓരോ പൗരന്റെയും ഉത്തരവാദിത്യമാണ്. വിവിധ കാലഘട്ടങ്ങളിൽ ഉയർന്നു വരുന്ന വെല്ലുവിളികളെ കൂടി മുന്നിൽ കണ്ടു കൊണ്ടാണ് ഡോ വി ആർ അംബേദ്ക്കർ ഭരണ ഘടന രൂപപ്പെടുത്തിയത്. എഴുപത് വര്ഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യൻ ഭരണ ഘടന ലോകത്തിനു മുൻപിൽ അജയ്യമായി നില നിൽക്കുന്നതിന്റെ കാരണം അതാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹിക ജീവിതം അനുദിനം സങ്കീർണമാവുകയും സാങ്കേതികവിദ്യയിൽ വിസ്മയകരമായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന കാലത്ത് പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ നിയമ മേഖലയെ പര്യാപ്തമാക്കും വിധത്തിലുള്ള പുതിയ ഗവേഷണ പഠനങ്ങൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ ഗവേഷണ പഠന കേന്ദ്രം ആരംഭിക്കുന്നത്. സാമ്പ്രദായിക പഠന രീതികൾക്ക് പകരം വിപുലവും വിശകലനപരവുമായ സോഷ്യോ ലീഗൽ സ്റ്റഡീസിന്റെ സാധ്യതകൾ വലിയ തോതിൽ വർധിക്കുകയാണ്. മാനവിക വിഷയങ്ങളിലെയും മറ്റു സാമൂഹിക ശാസ്ത്ര പഠന വിഭാഗങ്ങളിലെയും വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ട് നിയമ പഠന മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവേഷണ പഠന കേന്ദ്രം ആരംഭിക്കുന്നത്. കൊളോണിയൽ ഭരണ കാലത്ത് നിർമ്മിച്ച നിയമങ്ങളെ ആധുനിക ഇന്ത്യൻ സമൂഹത്തിന്റെ ആവശ്യങ്ങളെ അഭിമുഖീകരിക്കുന്ന വിധത്തിൽ പുനർ നിർമ്മിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ പഠന ഗവേഷണങ്ങൾക്ക് ഇവിടെ തുടക്കം കുറിക്കും.
മർകസ് നോളജ് സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകിം അസ്ഹരി അധ്യക്ഷത വഹിച്ചു. മർകസ് ലോ കോളേജ് പ്രിൻസിപ്പൽ അഞ്ജു എൻ പിള്ളൈ, നോളജ് സിറ്റി സി എ ഒ അഡ്വ. തൻവീർ ഉമർ, ലോ കോളേജ് വൈസ് പ്രിൻസിപ്പൽ അഡ്വ. സി അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.