വൈജ്ഞാനിക, സേവന രംഗത്ത് വലിയ ഇടപെടലുകൾ നടത്തുന്ന നൂറാനി, റബ്ബാനി, ഗുലിസ്താനി വിദ്യാർത്ഥികളെ കാന്തപുരം അഭിനന്ദിച്ചു...
ജാമിഅ മദീനതുന്നൂർ നാലാമത് കോൺവൊക്കേഷനിൽ സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ പ്രഭാഷണം നടത്തുന്നു
Markaz Live News
February 06, 2023
Updated
പൂനൂർ: ഖിദ്മയാണ് ജീവിതം എന്ന പ്രമേയത്തിൽ നടന്ന ജാമിഅ മദീനതുന്നൂർ നാലാമത് കോൺവൊക്കേഷൻ സമാപിച്ചു. ജാമിഅ മർകസ് വൈസ് പ്രസിഡൻ്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലത്തിൻ്റെ അധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് ദാന സമ്മേളനം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. സാമൂഹിക നന്മ സാധ്യമാവുന്നത് നല്ല പണ്ഡിത നേതൃത്വത്തിലൂടെയാണെന്നും വൈജ്ഞാനിക സേവന രംഗത്ത് വലിയ ഇടപെടലുകൾ നടത്തുന്ന നൂറാനി, റബ്ബാനി, ഗുലിസ്താനി വിദ്യാർത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു. സമസ്ത സെക്രട്ടറിപൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ സനദ് ദാനത്തിന് നേതൃത്വം നൽകി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി റെക്ടർ ടോക്ക് നിർവഹിച്ചു. എസ് എസ് എഫ് ഇന്ത്യ ട്രഷറർ സുഹൈറുദ്ദീൻ നൂറാനി പ്രീസം ടോക്ക് നടത്തി. വേദിയിൽ സായിബ ഗ്രൂപ്പ് സി ഇ ഒ ആമിർ ഹുസൈന് ഖാജ ഗരീബ് നവാസ് അവാർഡ് നൽകി. സമസ്ത മുശാവറ അംഗം കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ സമാപന പ്രസംഗവും പ്രാർഥനയും നിർവഹിച്ചു.
ജാമിഅ മദീനതുന്നൂറിൻ്റെ പ്രധാന കാമ്പസായ മർകസ് ഗാർഡൻ പൂനൂർ, അഫിലിയേറ്റഡ് കാമ്പസുകളായ മർകിൻസ് ബാംഗ്ലൂർ, മർകസ് ഹിദായ കൂർഗ് എന്നിവടങ്ങളിൽ നിന്നും ബാച്ച്ലർ ഇൻ ഇസ്ലാമിക് റിവീൽഡ് നോളജ് പൂർത്തിയാക്കിയ 147 നൂറാനികളും സോഷ്യൽ ഡവലപ്മെൻ്റ് പ്രോഗ്രാം പൂർത്തിയാക്കിയ പ്രിസം ഫിനിഷിംഗ് സ്കൂളിലെ 33 റബ്ബാനികളും ഇൻ്റിഗ്രേറ്റഡ് സ്റ്റഡീസ് പ്രോഗ്രാം പൂർത്തിയാക്കിയ ദിഹ്ലിസ് വേൾഡ് സ്കൂളിലെ 90 ഗുലിസ്താനികളുമാണ് സനദ് സ്വീകരിച്ചത്.
കോൺവൊക്കേഷൻ്റെ ഭാഗമായി നടന്ന ഗ്ലോബൽ നൂറാനി സംഗമം സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ ഉദ്ഘടാനം ചെയ്തു. “പാരിസ്ഥിതിക നൈതികത; മനോഭാവവും, പ്രായോഗികതകയും” എന്ന പ്രമേയത്തിൽ നടന്ന പ്രീ-കോൺവൊക്കേഷൻ സമ്മിറ്റ് ഡൽഹി ജാമിഅ ഹംദർദ് പ്രോ ചാൻസലർ പത്മശ്രീ ഇഖ്ബാൽ എസ് ഹസ്നൈൻ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫാത്താഹുദ്ദീൻ ജീലാനി ലക്ഷദ്വീപ്, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി ചേളാരി, സൈനുൽ ആബിദീൻ ജമലുല്ലൈലി, ജാമിഅ മദീനതുന്നൂർ ഫിഖ്ഹ് ഡിപ്പാർട്മെൻ്റ് എച് ഒ ഡി ഹുസൈൻ ഫൈസി കൊടുവള്ളി, മുഹ്യുദ്ദീൻ ബാഖവി, അലി അഹ്സനി എടക്കര, മുഹ്യുദ്ദീൻ സഖാഫി കാവനൂർ, മുഹ്യുദ്ദീൻ സഖാഫി താളീക്കര, കൗസർ സഖാഫി, മുൻ ഐ എസ് ആർ ഒ സയൻ്റിസ്റ്റ് ഡോ. അബ്ദുസ്സലാം, എന്നിവർ പങ്കെടുത്തു. മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂസ്വാലിഹ് സഖാഫി സ്വാഗതവും ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി നന്ദിയും പറഞ്ഞു.