പൊന്നാനിപ്പള്ളിയിലെ അറിവിന്റെ വിളക്കത്തിരുന്ന് മർകസ് വിദ്യാർത്ഥികൾ
ഈ വർഷം പഠനം പൂർത്തിയാക്കി കർമരംഗത്തേക്കിറങ്ങുന്ന നാനൂറോളം വിദ്യാർത്ഥികൾ ചടങ്ങിൽ സംബന്ധിച്ചു. ...
മർകസ് കോളേജ് ഓഫ് ശരിഅ അവസാന വർഷ വിദ്യാർത്ഥികൾ വിളക്കത്തിരിക്കുന്ന ചടങ്ങിന് സമസ്ത കേരള ജംഈയ്യത്തുൽ ഉലമ പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ നേതൃത്വം നൽകുന്നു.
Markaz Live News
February 08, 2023
Updated
പൊന്നാനി: ജാമിഅ മർകസ് അവസാന വർഷ വിദ്യാർത്ഥികളും അധ്യാപകരും പൊന്നാനി വലിയ പള്ളിയിൽ വിളക്കത്തിരുന്നു. ഈ വർഷം പഠനം പൂർത്തിയാക്കി കർമരംഗത്തേക്കിറങ്ങുന്ന നാനൂറോളം വിദ്യാർത്ഥികൾ ചടങ്ങിൽ സംബന്ധിച്ചു. അഞ്ചുനൂറ്റാണ്ട് കാലത്തെ ആത്മീയ വിജ്ഞാന പ്രസരണത്തിന്റെ പ്രഭവ കേന്ദ്രമാണ് പൊന്നാനി വലിയ പള്ളി. മഹത്തുക്കളായ നിരവധി പണ്ഡിതർ വിളക്കത്തിരുന്ന് പഠിച്ചതിന്റെ ഓർമ പുതുക്കാനായി എല്ലാ വർഷവും മർകസ് വിദ്യാർത്ഥികൾ വലിയ പള്ളിയിൽ എത്താറുണ്ട്. കർമ രംഗത്തേക്കിറങ്ങുന്നതിന് മുന്നോടിയായി മതപണ്ഡിതർ പഴയകാല വിജ്ഞാന കേന്ദ്രങ്ങളും മഹത്തുക്കളുടെ അന്ത്യവിശ്രമ സ്ഥാനങ്ങളും സന്ദർശിക്കുന്നതും പൗരാണിക ജ്ഞാന സമ്പാദന രീതി അനുധാവനം ചെയ്യുന്നതും പതിവാണ്.
വിളക്കത്തിരിക്കൽ ചടങ്ങിന് സമസ്ത കേരള ജംഈയ്യത്തുൽ ഉലമ പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ നേതൃത്വം നൽകി. കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ മുഹമ്മദ് സഖാഫി ചുള്ളിക്കോട്, ഹജ്ജ് കമ്മറ്റി മെമ്പർ കെ എം മുഹമ്മദ് കാസിം കോയ, പൊന്നാനി വലിയ ജുമുഅത്ത് പള്ളി ജനറൽ സെക്രട്ടറി സെയ്ദ് മുഹമ്മദ് തങ്ങൾ, എം പി മുത്തു കോയ തങ്ങൾ, വലിയ ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് സഖാഫി, വലിയ പള്ളി ഖത്തീബ് അബ്ദുള്ള ബാഖവി ഇയ്യാട്, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, മുഹ്യിദ്ദീൻ സഅദി, ബഷീർ സഖാഫി, സയ്യിദ് ജസീൽ തങ്ങൾ സന്നിഹിതരായിരുന്നു. വിളക്കത്തിരിക്കൽ ചടങ്ങിനെത്തുന്ന മർകസ് വിദ്യാർത്ഥികൾക്ക് വർഷങ്ങളായി ഊഷ്മള സ്വീകരണമൊരുക്കുന്ന വലിയ പള്ളി കമ്മറ്റി അംഗങ്ങളെ റഈസുൽ ഉലമയുടെ നേതൃത്വത്തിൽ ആദരിച്ചു. മർകസ് ഉസ്താദുമാർക്ക് പൊന്നാനി വലിയ പള്ളി കമ്മറ്റിയുടെ ആദരവും ചടങ്ങിൽ നൽകി.