തസ്ഫിയ: മർകസ് റമളാൻ ക്യാമ്പയിന് തുടക്കം. രാജ്യത്താകെ അഞ്ചു കോടി ജനങ്ങൾ ഇഫ്താർ പദ്ധതിയുടെ ഭാഗമാകും
റമളാൻ 25-ാം രാവിൽ നടക്കുന്ന മർകസ് റമളാൻ പ്രാർത്ഥനാ സമ്മേളനത്തിൽ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരങ്ങൾ പങ്കെടുക്കും....
2023 വര്‍ഷത്തെ മര്‍കസ് റമളാന്‍ കാമ്പയിന് ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
Markaz Live News
March 21, 2023
Updated
കോഴിക്കോട്: വിശുദ്ധ റമളാനെ വരവേറ്റ് മർകസ് സംഘടിപ്പിക്കുന്ന 'തസ്ഫിയ' ക്യാമ്പയിന് തുടക്കമായി. വ്യത്യസ്തമായ ആത്മീയ, ജീവകാരുണ്യ, പഠന പദ്ധതികൾ ഉൾപ്പെടുത്തി വിപുലമായി നടത്തുന്ന ക്യാമ്പയിന്റെ ലോഗോ പ്രകാശനം ഇന്ത്യൻ ഗ്രാൻഡ്മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നിർവ്വഹിച്ചു. ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്നിഹിതനായിരുന്നു.
30 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളം അഞ്ചുകോടി ജനങ്ങൾക്ക് മർകസ് ഇഫ്താർ ഒരുക്കും. വിവിധ സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകളിലും പ്രധാന നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഹോസ്റ്റലുകളിലും പൊതുഗതാഗത കേന്ദ്രങ്ങളിലുമാണ് ഇഫ്താർ സജ്ജീകരിക്കുക. വിവിധ അഭയാർത്ഥി ക്യാമ്പുകളും അനാഥ അഗതി സ്ഥാപനങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും. കാരന്തൂരിലെ കേന്ദ്ര ക്യാമ്പസിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കും വിപുലമായ നോമ്പുതുറ സൗകര്യമുണ്ടായിരിക്കും. പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷ്യ വിഭവങ്ങൾ അടങ്ങിയ കിറ്റുകളും ഇക്കാലയളവിൽ സമ്മാനിക്കും.
റമളാൻ 25-ാം രാവിൽ നടക്കുന്ന മർകസ് ആത്മീയ സമ്മേളനത്തിൽ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരങ്ങൾ പങ്കെടുക്കും. ചടങ്ങിൽ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് വാർഷിക റമളാൻ പ്രഭാഷണം നടത്തും. കോഴിക്കോട് നഗരത്തിലും കുന്ദമംഗലം പരിസര പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികൾക്കായി പ്രത്യേക നോമ്പുതുറയും ബോധവത്കരണ വേദിയും സംഘടിപ്പിക്കും.
ഖുർആൻ-ഹദീസ് പഠന ശിബിരം, വിശേഷ രാവുകളിൽ ആത്മീയ സംഗമങ്ങൾ, വനിതാ ക്ലാസ്, പ്രകീർത്തന സദസ്സുകൾ, പ്രഭാഷണങ്ങൾ, ഇഅതികാഫ് ജൽസ എന്നിവയും ക്യാമ്പയിനിന്റെ ഭാഗമാണ്. റമളാൻ അവസാന ദിവസങ്ങളിലെ രാത്രികളിൽ ഖുത്ബിയ്യത്, ശാദുലി ഹള്റ, ഖാദിരിയ്യ ഹൽഖ, ഖത്മുൽ ബുർദ സംഗമങ്ങളും 16 ന് ബദർ അനുസ്മരണ സമ്മേളനവും ഒരുക്കിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ മർകസ് സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളിലെ അലുംനി കൂട്ടായ്മകളും ക്യാമ്പയിൻ കാലയളവിൽ വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ക്യാമ്പയിൻ കമ്മിറ്റി: സി മുഹമ്മദ് ഫൈസി, കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ (ഉപദേശക സമിതി), പി യൂസുഫ് ഹൈദർ (ചെയർമാൻ), മുഹമ്മദലി സഖാഫി വള്ളിയാട് (ജനറൽ കൺവീനർ), അഡ്വ. മുഹമ്മദ് ശരീഫ് (ഫിനാൻസ്) സിപി ഉബൈദുല്ല സഖാഫി, അബ്ദുറശീദ് സഖാഫി മങ്ങാട്, അബൂബക്കർ ഹാജി കിഴക്കോത്ത്, അബ്ദുലത്തീഫ് സഖാഫി പെരുമുഖം( വൈസ് ചെയർ), ഹനീഫ് അസ്ഹരി കാരന്തൂർ, അക്ബർ ബാദുശ സഖാഫി, സിദ്ദീഖ് ഹാജി കെ, ഉനൈസ് മുഹമ്മദ് കൽപകഞ്ചേരി (ജോയിന്റ് കൺവീനർ), കെകെ ശമീം (ചീഫ് കോർഡിനേറ്റർ), ഉസ്മാൻ സഖാഫി വേങ്ങര (കോർഡിനേറ്റർ)