കോഴിക്കോട്: ആയിരം മാസങ്ങളുടെ പുണ്യം തേടി റമസാനിലെ അവസാന ദിനങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ സംഗമിക്കുന്ന ആത്മീയ സമ്മേളനം ശനിയാഴ്ച (ഏപ്രിൽ15ന്) കാരന്തൂർ മർകസിൽ നടക്കും. ശനിയാഴ്ച ഉച്ചക്ക് ഒന്നു മുതൽ ഞായർ പുലർച്ചെ ഒന്നു വരെ നടക്കുന്ന ആത്മീയ സമ്മേളനത്തിന് പ്രശസ്ത പണ്ഡിതരും ആത്മീയ നേതാക്കളും നേതൃത്വം നൽകും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ വാർഷിക പ്രഭാഷണമാണ് സമ്മേളനത്തിന്റെ മുഖ്യ ആകർഷണീയത. ഖത്മുൽ ഖുർആൻ, വിർദുലത്തീഫ്, അസ്മാഉൽ ഹുസ്ന, ഇഅതികാഫ് ജൽസ, മൗലിദ് പാരായണം, ഖസ്വീദത്തുൽ വിത് രിയ്യ, ഇസ് തിഗ്ഫാർ, തൗബ, തഹ്ലീൽ, ഇഅതികാഫ് ജൽസ തുടങ്ങി വിവിധ ആത്മീയ പ്രാർത്ഥനാ സദസ്സുകൾ സമ്മേളനത്തിനോടനുബന്ധിച്ച് നടക്കും.
ശനിയാഴ്ച്ച ഉച്ചക്ക് ളുഹ്ർ നിസ്കാരാനന്തരം ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സമ്മേളനാനുബന്ധ പരിപാടികൾ ഉദ്ഘാടനം ചെയ്യും. നൗഫൽ സഖാഫി കളസ പ്രഭാഷണം നടത്തും. അസർ നിസ്കാര ശേഷം നടക്കുന്ന ഖത്മുൽ ഖുർആൻ സംഗമത്തിൽ മർകസ് സഹകാരികളെയും പ്രവർത്തകരെയും അനുസ്മരിക്കും. മർകസ് റൈഹാൻ വാലി അനാഥാലയത്തിലെ പൂർവ്വവിദ്യാർഥികളുടെ കുടുംബങ്ങൾ പൂർത്തിയാക്കിയ 4444 ഖത്മുകൾ ചടങ്ങിൽ സമർപ്പിക്കും. വിവിധ ഖുർആൻ അക്കാദമികളിലെ അധ്യാപകരും വിദ്യാർത്ഥികളും ഖത്മുൽ ഖുർആൻ സംഗമത്തെ ഭക്തിസാന്ദ്രമാക്കും. സമ്മേളനത്തിനെത്തുന്നവർക്ക് ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താർ ഒരുക്കും. ഇഫ്താറിന് ശേഷം തസ്ബീഹ് നിസ്കാരം, അവ്വാബീൻ നിസ്കാരം, തറാവീഹ്, വിത്ർ നിസ്കാരം തുടങ്ങിയവ മസ്ജിദുൽ ഹാമിലിയിൽ നടക്കും. രാത്രി പത്തിന് കൺവെൻഷൻ സെന്ററിൽ ആത്മീയ സമ്മേളനത്തിന്റെ പ്രധാന ചടങ്ങുകൾ ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് വാർഷിക പ്രഭാഷണം നിർവഹിക്കും.. സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ത്വാഹാ സഖാഫി, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എപി അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ അവേലം, സയ്യിദ് പൂക്കോയ തങ്ങൾ, സുഹൈൽ തങ്ങൾ മടക്കര, മുഹമ്മദലി സഖാഫി വള്ളിയാട്, സി.പി ഉബൈദുള്ള സഖാഫി സംബന്ധിക്കും. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ദിക്ർ സദസ്സിന് നേതൃത്വം നൽകും.
സ്ത്രീകൾക്കായി തറാവീഹിന് ശേഷം പരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്രത്യേക സൗകര്യവുമുണ്ട്. സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാർത്ഥം പ്രധാന ക്യാമ്പസിലും പരിസരത്തും വിശാലമായ പാർക്കിങ് സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും സജ്ജീകരിക്കും.ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന റമസാനിലെ 25-ാം രാവിലെ ആത്മീയ സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.