മർകസ് ദേശീയ വിദ്യാഭ്യാസ പദ്ധതി: ബംഗാളിൽ ത്വൈബ ഗാർഡൻ ഷീ ക്യാമ്പസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
മർകസ് ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പശ്ചിമ ബംഗാളിൽ നിർമിച്ച ത്വൈബ ഗാർഡൻ ഷീ ക്യാമ്പസ് കെട്ടിടം സംസ്ഥാന ഉപഭോക്തൃ വകുപ്പ് മന്ത്രി ബിബ്ലബ് മിത്ര ഉദ്ഘാടനം ചെയ്യുന്നു.
Markaz Live News
May 13, 2023
Updated
കൊൽക്കത്ത: രാജ്യവ്യാപകമായി മർകസ് ആരംഭിച്ച വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പശ്ചിമബംഗാളിൽ ത്വൈബ ഗാർഡൻ ഷീ ക്യാമ്പസിന്റെ പുതിയ കെട്ടിടം സംസ്ഥാന ഉപഭോക്തൃ വകുപ്പ് മന്ത്രി ബിബ്ലബ് മിത്ര ഉദ്ഘാടനം ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മർകസിന്റെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനങ്ങളെ ജനങ്ങളും ഭരണകൂടവും വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഉദ്ഘാടന സംഗമത്തെ സംബോധന ചെയ്ത് മന്ത്രി പറഞ്ഞു. സാധാരണക്കാരുടെ ഉന്നത വിദ്യാഭ്യാസ മോഹങ്ങൾക്ക് ചിറകുനൽകാൻ മർകസ് വലിയതോതിൽ പ്രവർത്തിച്ചു. കഴിഞ്ഞ പത്തുവർഷങ്ങളിൽ ബംഗാളിൽ ത്വൈബ ഗാർഡൻ നിർവ്വഹിച്ച പ്രവർത്തനങ്ങളെ മാനിച്ച് വരും ഭാവിയിലെ പദ്ധതികളിൽ സർക്കാരിന്റെ ശക്തമായ പിന്തുണ ഉറപ്പുനൽകുന്നുവെന്നും മന്ത്രി പറഞ്ഞു.
ദക്ഷിൺ ദിനജ്പൂർ ജില്ലയിലെ തപ്പനിനടുത്ത് ബഗോയ്ട്ടിൽ 2018 ൽ ആരംഭിച്ച ഷീ ക്യാമ്പസിൽ നിലവിൽ നൂറോളം വിദ്യാർത്ഥിനികൾ പഠിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കൂടുതൽ പേർക്ക് താമസിച്ചുപഠിക്കാനുള്ള സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിർമിച്ചത്. കർഷകരും സാധാരണക്കാരും കൂടുതലായി അധിവസിക്കുന്ന പ്രദേശമായതിനാൽ തന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസ മോഹങ്ങൾക്ക് വലിയ ആയുസ്സുണ്ടാവാറില്ല. സാമ്പത്തിക പരാധീനതകളും സാമൂഹിക സാഹചര്യങ്ങളും വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നു. ത്വൈബ ഗാർഡൻ ഷീ ക്യാമ്പസിന്റെ സൗജ്യന്യ സ്ത്രീ വിദ്യാഭ്യാസത്തിലൂടെ ഒട്ടനവധി കുടുംബങ്ങളിൽ അറിവിന്റെ സന്ദേശമെത്തിക്കാൻ സാധിച്ചു. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ പ്രദേശത്തെ ശൈശവ വിവാഹങ്ങളുടെ തോത് കുറക്കാനും ഷീ ക്യാമ്പസിനായി. ഹയർസെക്കന്ററി വിദ്യാഭ്യാസത്തിന് ശേഷം കേന്ദ്ര സർവ്വകലാശാലകളിലെ പഠനത്തിനും നീറ്റ് പോലുള്ള പ്രവേശന പരീക്ഷാ പരിശീലനത്തിനും സ്ഥാപനം സംവിധാനമൊരുക്കുന്നു. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് തൊഴിൽ- നൈപുണി പരിശീലനവും തൊഴിലുപകരണങ്ങളും വിവാഹ ധനസഹായവും നൽകുന്നു.
ചടങ്ങിൽ ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ത്വൈബ ഗാർഡൻ പത്താം വാർഷിക പ്രഖ്യാപനം ഡയറക്ടർ സുഹൈറുദ്ദീൻ നൂറാനി പ്രഖ്യാപിച്ചു.100 പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം,100 ഗ്രാമങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ, 50 കുടുംബങ്ങൾക്കുള്ള ഭവന പദ്ധതി തുടങ്ങി വ്യത്യസ്ത പദ്ധതികൾ സമ്മേളനത്തോടനുബന്ധിച്ച് പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബനിയാസ് സ്പേക് മാനേജിങ് ഡയറക്ടർ അബ്ദുറഹ്മാൻ ഹാജി കുറ്റൂർ, സ്ട്രോങ്ങ് ലൈറ്റ് മാനേജിങ് ഡയറക്ടർ നാസർ ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശലിപിക റോയ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ദാസ്, ജില്ലാ കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ബിപ്ലബ് ഖാൻ, ജില്ലാ മുനിസിപ്പൽ ചെയർമാൻ അശോക് മിത്ര ചടങ്ങിൽ സംബന്ധിച്ചു.