ലീഗ് ഓഫ് ഇസ്ലാമിക് യൂണിവേഴ്സിറ്റിസ് വാര്‍ഷിക സമ്മേളനം; ഡോ. അബ്ദുല്‍ ഹകീം അസ്ഹരി മക്കയിലെത്തി
ഇസ്ലാമിക് യൂണിവേഴ്സിറ്റി അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. ഉസാമ അൽ അബ്ദ്, യു.എൻ ജനറൽ സെക്രട്ടറി സ്പെഷ്യൽ അഡ്വൈസർ ഡോ. അബ്ദുല്ല മാതൂഖ് അൽ മാതൂഖ് എന്നിവരുമായി ഡോ. അബ്ദുൽ ഹകീം അസ്ഹരി കൂടിക്കാഴ്ച നടത്തുന്നു.
Markaz Live News
May 16, 2023
Updated
കോഴിക്കോട്: ലീഗ് ഓഫ് ഇസ്ലാമിക് യൂണിവേഴ്സിറ്റിസിന്റെ 12ാം വാര്‍ഷിക സമ്മേളനത്തില്‍ സംബന്ധിക്കാനായി ജാമിഅ മര്‍കസ് യൂണിവേഴ്സിറ്റി റെക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി മക്കയിലെത്തി. ലോകത്തെ വിവിധ യൂണിവേഴ്സിറ്റികളുടെ കൂട്ടായ്മയായ റാബിതതുല്‍ ജാമിഅത്തുല്‍ ഇസ്ലാം (ലീഗ് ഓഫ് ഇസ്ലാമിക് യൂണിവേഴ്സിറ്റി) അംഗം കൂടിയായ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി സമ്മേളനത്തിലെ വിവിധ ചര്‍ച്ചകളിലും മറ്റും സംസാരിക്കും.
ലോകത്താകമാനമുള്ള വിവിധ ഇസ്ലാമിക സര്‍വകലാശാലകളുടെ കൂട്ടായ്മയായ ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്സിറ്റീസ്. ഇസ്ലാമിക വിജ്ഞാനത്തെ ലോകമാകെ വ്യാപിപ്പിക്കാനും അറബി ഭാഷയുടെ പ്രസക്തി വര്‍ധിപ്പിക്കാനുമായാണ് ഈ കൂട്ടായ്മ 1969ല്‍ സ്ഥാപിതമായത്.
കൂടാതെ, സമൂഹം നേരിടുന്ന പ്രശ്നങ്ങളെ ഒറ്റക്കെട്ടായി എങ്ങനെ നേരിടാമെന്നതിനെ കുറിച്ചുള്ള കൂടിയാലോചനകള്‍ക്കു കൂടിയാണ് നിരന്തരം കോണ്‍ഫറന്‍സുകളും മറ്റും നടത്തുന്നത്. അതോടൊപ്പം, വ്യത്യസ്ത രാഷ്ട്രങ്ങളിലെ ജാമിഅകള്ക്കിടയില് നടക്കുന്ന വിദ്യാര്‍ഥികളുടെ കൈമാറ്റ കരാര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായ്മ ഊന്നല്‍ നല്‍കുന്നുണ്ട്.
മക്കയിലെത്തിയ ഡോ. അബ്ദുൽ ഹകീം അസ്ഹരി ഇസ്ലാമിക് യൂണിവേഴ്സിറ്റി അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. ഉസാമ അൽ അബ്ദ്, യു.എൻ ജനറൽ സെക്രട്ടറി സ്പെഷ്യൽ അഡ്വൈസർ ഡോ. അബ്ദുല്ല മാതൂഖ് അൽ മാതൂഖ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.