കോഴിക്കോട് : 'മദീന ചാര്ട്ടര്: ബഹുസ്വരതയുടെ മഹനീയ മാതൃക' എന്ന പ്രമേയത്തില് ഒരു മാസം നീളുന്ന മീലാദുന്നബി ക്യാമ്പയിന് സംഘടിപ്പിക്കാന് ജാമിഅ മര്കസ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. മുഹമ്മദ് നബി (സ്വ) മുന്നോട്ടുവെച്ച ബഹുസ്വരതയുടെ സന്ദേശം ഇക്കാലയളവില് രാജ്യത്തെ വിവിധ ജനവിഭാഗങ്ങള്ക്കിടയില് പങ്കുവെക്കും. ജമ്മു കശ്മീര് മുതല് രാജ്യത്തുടനീളമുള്ള മര്കസിന്റെ 200ഓളം ക്യാമ്പസുകളിലെ രണ്ടു ലക്ഷത്തിലേറെ വിദ്യാര്ഥികളും രക്ഷിതാക്കളും അധ്യാപകരും ജീവനക്കാരും പൊതുജനങ്ങളും ക്യാമ്പയിന്റെ ഭാഗമാകും. അല് മൗലിദുല് അക്ബര്, ഗ്രാന്ഡ് മൗലിദ്, ഇന്റര്നാഷണല് മീലാദ് കോണ്ഫറന്സ്, മൗലിദ് സദസ്സുകള്, കാരുണ്യ പ്രവര്ത്തനങ്ങള്, മീലാദ് ഹലാവ അടക്കമുള്ള വ്യത്യസ്ത പരിപാടികള് ക്യാമ്പയിന് മാറ്റുകൂട്ടും.
ജാമിഅ മര്കസിന് കീഴില് രാജ്യത്ത് പ്രവര്ത്തിക്കുന്ന എല്ലാ ക്യാമ്പസുകളിലും നടക്കുന്ന മീലാദ് വിളംബരത്തോടെയാണ് ക്യാമ്പയിന് തുടക്കമാകുക. റബീഉല് അവ്വല് ഒന്നിന് മുമ്പായി ക്യാമ്പസുകളിലെ മീലാദ് വിളംബരം പൂര്ത്തിയാകും. മുഹമ്മദ് നബി (സ്വ) ഭൂജാതനായ മാസത്തിന്റെ സവിശേഷതകളും സന്ദേശങ്ങളും പങ്കുവെച്ചായിരിക്കും വിളംബര പരിപാടിയുണ്ടാകുക. പ്രവാചകധ്യാപനങ്ങള് സംക്ഷിപ്തമായി രേഖപ്പെടുത്തിയ കുറിപ്പോടൊപ്പം ബസ് സ്റ്റാന്ഡുകളിലും ആശുപത്രികളിലും റെയില്വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും അടക്കം ജനങ്ങളെത്തുന്ന വിവിധ കേന്ദ്രങ്ങളില് മീലാദ് ഹലാവ വിതരണം ചെയ്യും. വിവിധ ഭാഷകളിലെ പ്രവാചക പ്രകീര്ത്തനങ്ങള് ആലപിച്ചും അപദാനങ്ങള് പറഞ്ഞുമായിരിക്കും മൗലിദ് സദസ്സുകള് പുരോഗമിക്കുക.
റബീഉല് അവ്വലിലെ ആദ്യ തിങ്കളാഴ്ച്ച സെപ്റ്റംബർ 18 ന് രാവിലെ മര്കസ് ആസ്ഥാനത്തെ കൺവെൻഷൻ സെൻ്ററിൽ ഗ്രാന്ഡ് മൗലിദ് നടക്കും. റബീഉല് അവ്വല് രണ്ട്, മൂന്ന് തീയതികളില് മര്കസ് നോളജ് സിറ്റിയില് ഡോ. അസ്ഹരിയുടെ 'രിസാലത്തുര്റസൂല്' പ്രഭാഷണമുണ്ടാകും.
ക്യാമ്പയിനിന്റെ പ്രധാന പരിപാടിയായ, ആത്മീയോന്നതി പകരുന്ന അല് മൗലിദുല് അക്ബര് റബീഉല് അവ്വല് 12ന്റെ പ്രഭാതത്തില് ജാമിഉല് ഫുതൂഹില് നടക്കും. പുലര്ച്ചെ നാലിന് ആരംഭിക്കുന്ന പരിപാടിയില് പ്രവാചക പ്രകീര്ത്തനങ്ങളും ഇന്ത്യന് ഗ്രാന്ഡ് മുഫ്തിയുടെ സന്ദേശവും തബര്റുക് വിതരണവുമുണ്ടാകും.
ഒക്ടോബര് ഒന്നിന് കോഴിക്കോട് വെച്ച് അന്താരാഷ്ട്ര മീലാദ് സമ്മേളനം നടത്തും. മർകസും കേരള മുസ്ലിം ജമാഅത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ ഗ്രാന്ഡ് മുഫ്തിമാരും പണ്ഡിതരും യൂണിവേഴ്സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും പങ്കെടുക്കും. വിവിധ ഭൂഖണ്ഡങ്ങളിലെ പ്രവാചക പ്രകീര്ത്തന വൈവിധ്യം ആസ്വദിക്കാനും മുഹമ്മദ് നബി (സ്വ)യെ കുറിച്ച് കൂടുതൽ അറിയാനുമുള്ള വേദിയാകും സമ്മേളനം. മീലാദ് ക്യാമ്പയിന്റെ ഭാഗമായി വിവിധ കാരുണ്യ പദ്ധതികളുടെ സമര്പ്പണങ്ങളുമുണ്ടാകും.
മീലാദ് ക്യാമ്പയിൻ അനുബന്ധമായി ചേർന്ന മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗമായി തിരഞ്ഞെടുക്കപെട്ട എ സൈഫുദ്ദീൻ ഹാജിയെയും ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനായി നിയമിതനായ എൻ അലി അബ്ദുല്ലയെയും യോഗം ആദരിച്ചു. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ ആവേലം, കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപള്ളി, സി മുഹമ്മദ് ഫൈസി, പിസി ഇബ്റാഹീം മാസ്റ്റർ, ഹാജി ഇഹ്സാൻ അമീൻ, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, മജീദ് കക്കാട്, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് മുഹമ്മദ് തുറബ് സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ബി എം മുംതാസ് അലി, ഉസ്മാൻ ഹാജി എം, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി, ഇകെ മുഹമ്മദ് കോയ സഖാഫി, പികെഎം സഖാഫി ഇരിങ്ങല്ലൂർ, സിപി ഉബൈദുല്ല സഖാഫി സംബന്ധിച്ചു.