നൂറുകണക്കിന് അധ്യാപകരുടെ സംഗമ വേദിയായി മർകസ് 'ഗുരുവോടൊപ്പം'
ഫോട്ടോ: മർകസിൽ നടന്ന ഗുരുവിനോടൊപ്പം അധ്യാപക ദിനാചരണചടങ്ങ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
ഫോട്ടോ: മർകസിൽ നടന്ന ഗുരുവിനോടൊപ്പം അധ്യാപക ദിനാചരണചടങ്ങ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: മനുഷ്യ രാശിക്ക് എഴുത്തും വായനയും പ്രഥമമായി പ്രഘോഷിച്ച വിശുദ്ധ ഗ്രന്ഥത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് മാനവിക ദർശനത്തിൽ ഊന്നിയ ജ്ഞാന പ്രസരണം നടത്തേണ്ടവരാണ് അധ്യാപകർ എന്ന് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസ് അക്കാദമിക് വിഭാഗവും സാംസ്കാരിക വകുപ്പും സംഘടിപ്പിച്ച ഗുരുവോടൊപ്പം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപക ദിനത്തോടനുബന്ധിച്ച് ആയിരക്കണക്കിന് അധ്യാപകരെ സംഭാവന ചെയ്യുകയും നൂറുകണക്കിന് സ്ഥാപനങ്ങളിലായി അധ്യാപക ജീവിതങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുന്ന ഗുരു കാന്തപുരം ഉസ്താദിനൊപ്പം മർകസിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ അധ്യാപകരെ ഒരുമിച്ചു കൂട്ടിയ പരിപാടിയാണ് ഗുരുവോടൊപ്പം. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ സമൂല കാര്യങ്ങളും അറിയുന്ന അവരുടെ ജീവിതത്തെ മാതൃകാപരമായി സ്വാധീനിക്കുന്നവരാകണം അധ്യാപകർ എന്ന് അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മെമ്പറും സൗദിയിലെ അഹ്ദാബ് ഇന്റർനാഷണൽ സ്കൂൾ സ്ഥാപകനുമായ കെ പി സുലൈമാൻ ഹാജി ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. മാതൃകായോഗ്യരായ അധ്യാപകരെ സംഭാവന ചെയ്ത മർകസിന്റെയും കാന്തപുരം ഉസ്താദിന്റെയും പ്രവർത്തനങ്ങൾ മുഴുവൻ സ്ഥാപനങ്ങൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മർകസ് പ്രോ ചാൻസലർ അഡ്വ. ഹുസൈൻ മുഹമ്മദ് സഖാഫി ചുള്ളിക്കോട് ആശംസ അറിയിച്ചു. ഗുരു എന്ന പ്രമേയത്തെ ആസ്സ്പദമാക്കി മർകസ് ബോയ്സ് സ്കൂൾ അധ്യാപകൻ കെ അബ്ദുൽ കലാം സംസാരിച്ചു. മർകസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി എം റഷീദ് സഖാഫി ആശംസകൾ അറിയിച്ചു. മർകസ് ഡയറക്ടറേറ് ഓഫ് എഡ്യൂക്കേഷൻ അസോ. ഡയറക്ടർ ഉനൈസ് മുഹമ്മദ് സ്വാഗതം പറഞ്ഞു. സാംസ്കാരിക വകുപ്പ് ജോയിന്റ് ഡയറക്ടർ മുഹമ്മദ് അലി സഖാഫി വള്ളിയാട് ആമുഖ ഭാഷണം നടത്തി. ജാമിഅ മർകസ് വൈസ് റെക്ടർ ഡോ. റോഷൻ നൂറാനി അധ്യാപക ദിന പ്രമേയം അവതരിപ്പിച്ചു. മർകസ് ഡയറക്ടർ ഇൻ ചാർജ് അക്ബർ ബാദുഷ സഖാഫി, പി.ആർ.ഡി ജോയിന്റ് ഡയറക്ടർ കെ.കെ ശമീം പങ്കെടുത്തു. ഡോ. നാസർ മുഹമ്മദ്, മുഹമ്മദ് ശരീഫ് .ടി, അബ്ദുറഹ്മാൻ പി, നവാസ് യു, സജിന ഡി പി, നിയാസ് ചോല, അബ്ദുള്ള എ പി തുടങ്ങിയ അക്കാദമിക്, നോൺ അക്കാദമിക് മേഖലകളിൽ മികവ് തെളിയിച്ച അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. ഇഹ്യാഉസുന്ന സ്റ്റുഡന്റസ് യൂണിയൻ കാന്തപുരത്തിന് അധ്യാപക ദിന ആദരം സമ്മാനിച്ചു. മർകസ് എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെയും മർകസ് കോളേജിലെയും നൂറു കണക്കിന് അധ്യാപകർ പങ്കെടുത്തു.