ദേശീയതല ഉറുദു പ്രചാരണത്തിന്റെ ഭാഗമായി മർകസിലെത്തിയ എൻ.സി.പി.യു.എൽ പുസ്തകവണ്ടി
Markaz Live News
November 03, 2023
Updated
കോഴിക്കോട്: കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ദേശീയ തലത്തിൽ ഉറുദു ഭാഷയുടെ പ്രചാരണത്തിനും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഉറുദു ലാംഗ്വേജ്(എൻ.സി.പി.യു.എൽ) ന്റെ പുസ്തക വണ്ടി പര്യടനത്തിന്റെ ഭാഗമായി മർകസിലെത്തി. ഉർദു ഭാഷാപഠനത്തിനുള്ള പ്രാഥമിക പഠനസഹായികളും ഉറുദുവിലെ പ്രശസ്ത സാഹിത്യ രചനകളും പഠനങ്ങളുമെല്ലാമാണ് പുസ്തകവണ്ടിയിലുള്ളത്. ഉറുദു ഭാഷയും സാഹിത്യവും വൈജ്ഞാനികകൃതികളും രാജ്യമെമ്പാടുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 15 വർഷങ്ങൾക്ക് മുമ്പാണ് എൻ.സി.പി.യു.എൽ 'എക്സിബിഷൻ ഓൺ വീൽ' എന്ന പേരിൽ പുസ്തകവണ്ടി പദ്ധതി ആരംഭിക്കുന്നത്. ഇതിനകം മുഴുവൻ ഇന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സഞ്ചരിച്ച വണ്ടി മൂന്നാം തവണയാണ് മർകസിൽ എത്തുന്നത്. രാജ്യത്തെ ഇരുപത്തിനാല് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന മർകസ് കേരളത്തിൽ ഉർദു ഭാഷ സംസാരിക്കുന്നവരുടെ പ്രധാന ഹബ്ബാണ്.
മഹാരാഷ്ട്രയിലെ തീരദേശ നഗരമായ ദാപോലിയിൽ നിന്ന് ഒക്ടോബർ ഒമ്പതിന് ആരംഭിച്ച എക്സിബിഷൻ ഓൺ വീലിന്റെ 59-ാമത് പര്യടനത്തിന്റെ ഭാഗമായാണ് പുസ്തകവണ്ടി മർകസിൽ എത്തിയത്. മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലെ പ്രദർശനത്തിന് ശേഷം ഉറുദു വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന മർകസിൽ എത്തിയ പുസ്തകവണ്ടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഉർദു വിദ്യാർത്ഥികളുടെ സാന്നിധ്യവും ഭാഷ പഠിക്കാൻ താത്പര്യപ്പെടുന്നവരുടെ ആധിക്യവുമാണ് മൊബൈൽ പുസ്തകശാലയുടെ സ്റ്റേഷനായി മർകസ് തെരഞ്ഞെടുക്കാൻ കാരണമെന്ന് എൻ.സി.പി.യു.എൽ അധികൃതർ അറിയിച്ചു. ഉർദു ഭാഷ പഠിക്കാനും ഭാഷയിലെ പുതിയ ട്രെൻഡുകൾ അടുത്തറിയാനും പുസ്തകവണ്ടി സഹായകമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മൊബൈൽ പുസ്തകശാലയെ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അഭിവാദ്യം ചെയ്തു. ഡയറക്ടർ ഇൻ ചാർജ് അക്ബർ ബാദുഷ സഖാഫി, ജോയിന്റ് ഡയറക്ടർ കെ കെ ശമീം, ശിഹാബ് സഖാഫി പെരുമ്പിലാവ്, സയ്യിദ് ശിഹാബുദ്ദീൻ, ഉമർ സഖാഫി, ആസഫ് അലി നൂറാനി സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.