മർകസ് ഹോളി ഖുർആൻ ഹാർബിംഗർ അവാർഡ് ശാഫി സഖാഫി മുണ്ടമ്പ്രക്ക്
മർകസ് ഹോളി ഖുർആൻ ഹാർബിംഗർ അവാർഡ് ശാഫി സഖാഫി മുണ്ടമ്പ്രക്ക് സമ്മാനിക്കുന്നു.
Markaz Live News
April 06, 2024
Updated
കോഴിക്കോട്: മർകസ് ഹോളി ഖുർആൻ ഹാർബിംഗർ അവാർഡ് പണ്ഡിതനും പ്രഭാഷകനുമായ ശാഫി സഖാഫി മുണ്ടമ്പ്രക്ക് സമ്മാനിച്ചു. ഖുർആനിലെ മുഴുവൻ അധ്യായങ്ങളും ഉൾക്കൊള്ളിച്ച് കഴിഞ്ഞ 24 വർഷമായി പ്രഭാഷണങ്ങൾ നടത്തിവരുന്നതിനുള്ള ആദരമായാണ് മർകസ് ഖുർആൻ സമ്മേളനത്തിൽ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അവാർഡ് സമ്മാനിച്ചത്.
പാരമ്പര്യ പ്രഭാഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി വിശുദ്ധ ഖുർആനിനെ വ്യാഖ്യാന സഹിതം സാധാരണക്കാരിലേക്ക് സരളമായി അവതരിപ്പിച്ച് ജന മനസ്സുകളിൽ ഇടം നേടിയ പ്രഭാഷകനാണ് ശാഫി സഖാഫി. കൊണ്ടോട്ടി മസ്ജിദുൽ ഫത്ഹിലെ സ്കൂൾ ഓഫ് ഖുർആൻ, ചെറുവാടി ദശദിന പ്രഭാഷണ പരമ്പര എന്നിവയിലൂടെ ശ്രദ്ധേയനായി. 1999 മുതൽ ഖുർആൻ പ്രഭാഷണ രംഗത്ത് സജീവമായ അദ്ദേഹം സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അരീക്കോട് മജ്മഅ് സ്ഥാപനങ്ങളുടെ പ്രസിഡന്റും, മജ്മഅ് ദഅവാ കോളേജ് ഹെഡ് ഓഫ് ദി ഫാക്കൽറ്റി ഓഫ് ഖുർആനും മർകസ് സഖാഫി ശൂറാ ചെയർമാനുമാണ് അദ്ദേഹം.
ചടങ്ങിൽ 1987 ൽ സ്ഥാപിതമായ മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിലെ ആദ്യകാല വിദ്യാർഥികളായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ എന്നിവർക്ക് മർകസ് ഹിഫ്ള് പയനിയർ അവാർഡ് നൽകി ആദരിച്ചു. യു.എ.ഇ, സൗദി അറേബ്യ, ജോർദ്ദാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്ത മർകസ് സഹ്റത്തുൽ ഖുർആൻ വിദ്യാർഥി ഹാഫിള ആയിശ ഇസ്സക്ക് ഹിഫ്ള് ഇൻസ്പെയർ അവാർഡും നൽകി.