കാരന്തൂർ: സ്ത്രീകൾക്ക് അർഹമായ പരിഗണനയും അവകാശങ്ങളും നൽകുന്ന മതമാണ് ഇസ്ലാമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. കാരന്തൂർ മർകസ് ഹാദിയ അക്കാദമിയുടെ പഠനാരംഭ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് അർഹിക്കുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും പരിഗണനയും നൽകുന്ന മതമാണ് ഇസ്ലാം. മതത്തെ കുറിച്ച് കൂടുതൽ പഠിക്കുകയും അറിയാൻ ശ്രമിക്കുകയും ചെയ്താൽ ഇക്കാര്യം ബോധ്യപ്പെടും. മുസ്ലിംകൾ സ്ത്രീകൾക്ക് മതിയായ സ്വാതന്ത്ര്യവും വിദ്യാഭ്യാസവും നൽകുന്നില്ലെന്ന ആരോപണം മതത്തെ അടുത്തറിയാത്തവരുടെ ദുരാരോപണങ്ങളാണ്. വിദ്യാഭ്യാസവും സംസ്കാരവും ധാർമികാവബോധവുമുള്ളവർക്ക് മാത്രമേ സമൂഹത്തെ ശരിയായ ദിശയിലേക്ക് വഴി നടത്താൻ സാധിക്കുകയുള്ളൂ. വിദ്യാസമ്പന്നരായ സ്ത്രീകളെ വാർത്തെടുക്കുകയും അതുവഴി സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നുതന്നെ സംസ്കാരവും മൂല്യബോധവുള്ള തലമുറയെ വളർത്തിക്കൊണ്ട് വരികയും ചെയ്യുക എന്നാണ് ഹാദിയ എന്ന വനിതാ വിദ്യാഭ്യാസ സംരംഭം കൊണ്ട് മർകസ് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ അധ്യായന വർഷം ഹാദിയ ഹയർ സെക്കൻഡറി, ഡിപ്ലോമ ഒന്നാം സെമസ്റ്ററിലേക്കും ഹാദിയ യു ജിയിലേക്കും അഡ്മിഷനെടുത്ത വിദ്യാർഥികൾക്കുള്ള ക്ലാസ്സുകൾക്കാണ് തുടക്കം കുറിച്ചത്.
മർകസ് കാമിൽ ഇജ്തിമാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. സീനിയർ പ്രിൻസിപ്പൽ മുഹമ്മദ് പുൽപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. എം.ജി.എസ് & എം.എം.ഐ സി.എഒ വി എം റശീദ് സഖാഫി ഉദ്ഘാടനം ചെയ്തു. മർകസ് അക്കാദമിക് & കൾച്ചർ എക്സിക്യൂട്ടീവ് ഓഫീസർ അക്ബർ ബാദ്ഷ സഖാഫി, ഹാദിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് റാഫി അസ്സഖാഫി, അസി. പ്രിൻസിപ്പൽ ശിഹാബുദ്ദീൻ, അസ്സി. എ ഒ മുഹമ്മദ് സ്വാലിഹ് ഇർഫാനി, ഇസ് ലാമിക് എച്ച് ഒ ഡി അബ്ദുസ്സമദ് സഖാഫി സംസാരിച്ചു. സയ്യിദ് ജഅ്ഫർ ഹുസൈൻ ജീലാനി, അസ്ലം നൂറാനി, മുഹമ്മദ് അസ്ലം സഖാഫി, ജാബിർ സഖാഫി പങ്കെടുത്തു.