ഈജിപ്ത്: ഈജിപ്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന 'സാഹതു ശൈഖ് അബൂബക്കർ അഹ്മദി'ൻ്റെ ഔദ്യോഗിക തുടക്കം ഈജിപ്ത് മുൻ ഗ്രാൻഡ് മുഫ്തിയും നിലവിലെ പാർലമെന്റ് അംഗവുമായ ഡോ. അലി ജുമുഅ നിർവ്വഹിച്ചു. ശൈഖ് അബൂബക്കറിനെപ്പോലെയുള്ള കർമ്മ നിരതരായ പണ്ഡിതരുടെ സാന്നിദ്ധ്യം അന്താരാഷ്ട്ര തലത്തിൽ അനിവാര്യമായ സന്ദർഭത്തിൽ നടക്കുന്ന ഇത്തരം ശ്രമങ്ങളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും എല്ലാവിധ പിന്തുണ അറിയിക്കുകയും ചെയ്തു. ഇന്ത്യയിലേയും വിശിഷ്യ മലബാറിലെയും ഉലമാക്കളുടെ ജ്ഞാന മികവുകളേയും സംഭാവനകളേയും വിവിധ രാഷ്ട്രങ്ങളിൽ പ്രചരിപ്പിക്കുക, ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി ശൈഖ് അബൂബക്കർ അഹ്മദിന്റെ വൈജ്ഞാനിക ഇടപെടലുകളെ ആഗോള തലത്തിൽ ഏകോപിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സാഹ പ്രവർത്തിക്കുക. കൈറോയിലെ സുപ്രീം കൗൺസിൽ ഓഫ് സൂഫീ ത്വരീഖയുടെ ആസ്ഥാനത്ത് വെച്ച് ചടങ്ങിൽ സാഹ ചീഫ് മെൻ്റർ ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പദ്ധതികൾ വിശദീകരിച്ച് സംസാരിച്ചു. ജാമിഅ മദീനതുന്നൂർ - നൂറാനി അലുംനിയായ പ്രിസം ഫൗണ്ടേഷൻ ഈജിപ്ത് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിലാണ് സെൻ്റർ പ്രവർത്തിക്കുക.
ആഗോള അക്കാദമിക - ഗവേഷണ രംഗത്തെ കാര്യക്ഷമമായ ഇടപെടലുകൾ,ഗവേഷകർക്ക് ഉന്നത നിലവാരത്തിലുള്ള സംവിധാനങ്ങൾ, അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങൾ, മലബാറിലെ ഉലമാക്കളുടെ വൈജ്ഞാനിക സംഭാവനകളുടെ പ്രചരണം എന്നിവയാണ് സാഹയുടെ പ്രധാന പ്രവർത്തന മേഖലകൾ. ഈജിപ്തിലെ അൽ അസ്ഹർ അടക്കമുള്ള യൂണിവേഴ്സിറ്റികളിൽ ഗവേഷണം നടത്തുന്ന വിവിധ രാഷ്ട്രങ്ങളിലെ വിദ്യാർത്ഥികൾക്ക് മലബാർ ജ്ഞാന സാധ്യതകളെ ഉപയോഗപ്പെടുത്താനുള്ള വലിയ അവസരമാണ് ഈ പ്രൊജക്ടിലൂടെ തുറക്കപ്പെടുക. ഹൈബ്രിഡ് ലേണിംഗ് പ്ലാറ്റ്ഫോമകളിലൂടെ സേവനങ്ങൾ കൂടുതൽ വിപുലമാക്കും.
വിശാലമായ അക്കാദമിക വ്യവഹാരങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ സാഹക്ക് കീഴിൽ സജ്ജീകരിക്കും. ഈജിപ്തിലെ കൈറോയിൽ, അൽ അസ്ഹർ യൂണിവേഴ്സിറ്റിയോട് ചേർന്നാണ് സെൻ്ററിൻ്റെ ആസ്ഥാനം ഒരുങ്ങുന്നത്. വിവിധ വിഷയങ്ങളിലൂന്നിയുള്ള ലെക്ചർ സീരീസുകൾ, സെമിനാറുകൾ എന്നിവക്കായി കോൺഫറൻസ് ഹാൾ, അക്കാദമിക് കോർഡിനേഷനും സ്റ്റുഡൻ്റ്സ് എൻക്വയറിയും അഡ്മിനിസ്ട്രേഷൻ ചുമതലകളും നിർവഹിക്കുന്ന റിസപ്ഷൻ ഓഫീസ്, അതിഥികൾക്കും വിസിറ്റിംഗ് സ്കോളേഴ്സിനുമുള്ള ഗസ്റ്റ് റൂം, മലബാർ ഉലമാക്കളുടെ വൈജ്ഞാനിക ഗവേഷണ സംഭാവനകളെ പരിചയപ്പെടുത്തുന്ന മലൈബാർ ലൈബ്രററി, ഗവേഷക വിദ്യാർത്ഥികൾക്കുള്ള റെസിഡൻഷ്യൽ ബ്ലോക്ക് തുടങ്ങിയ സൗകര്യങ്ങൾ സെൻ്ററിൽ ലഭ്യമായിരിക്കും. വിവിധ വിഷയങ്ങളിലും അറബി സാഹിത്യത്തിലുമുള്ള ഡിപ്ലോമ കോഴ്സുകൾ ഇതിൻ്റെ ഭാഗമായിട്ടുണ്ടാകും. പ്രിസം ഭാരവാഹികളായ ഹാരിസ് നൂറാനി അസ്സഖാഫി, മുസമ്മിൽ നൂറാനി അസ്സഖാഫി, തുഫൈൽ നൂറാനി തുടങ്ങിയവർ സംബന്ധിച്ചു.