അന്താരാഷ്ട്ര മീലാദ് സമ്മേളനം നാളെ
അറബ് മൗലിദ് സംഘങ്ങളുടെ പ്രകടനം മുഖ്യ ആകർഷകമാകും...
അറബ് മൗലിദ് സംഘങ്ങളുടെ പ്രകടനം മുഖ്യ ആകർഷകമാകും...
കോഴിക്കോട്: 'തിരുനബി(സ്വ) ജീവിതം, ദർശനം' എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്തും മർകസും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം നാളെ (സെപ്റ്റംബർ 25 ബുധനാഴ്ച) കോഴിക്കോട് സ്വപ്ന നഗരിയിൽ നടക്കും. പ്രവാചകൻ മുഹമ്മദ് നബിയെ കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം. യുഎഇ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങളും സാമൂഹിക-സാംസ്കാരിക നായകരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. പ്രശസ്ത അറബ് ഗായക സംഘമായ അൽ മാലിദ് ഗ്രൂപ്പിന്റെ നബികീർത്തന സദസ്സും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണവും സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും. നബി ദർശനങ്ങളും അധ്യാപനങ്ങളും കൂടുതൽ പ്രസക്തിയാർജിക്കുന്ന സമകാലികാന്തരീക്ഷത്തിൽ അവ കൂടുതൽ ജനങ്ങളിലേക്കും ഇടങ്ങളിലേക്കും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റ ലക്ഷ്യം .
സമ്മേളനപ്പൊലിമ വിളംബരം ചെയ്ത് വൈകുന്നേരം 3 ന് നഗരത്തിൽ 100ലധികം ദഫ് സംഘങ്ങൾ അണിനിരക്കുന്ന ഘോഷയാത്ര നടക്കും. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ കോഴിക്കോട്-മലപ്പുറം ജില്ലാ സാരഥികൾ, സാദാത്തുക്കൾ, ജാമിഅ മർകസ് മുദരിസുമാർ ഘോഷയാത്രക്ക് നേതൃത്വം നൽകും. സരോവരം പാർക്കിന്റെ എതിർവശത്തുനിന്ന് ആരംഭിച്ച് മിനി ബൈപ്പാസ്-എരഞ്ഞിപ്പാലം ജങ്ഷൻ വഴി സ്വപ്ന നഗരിയിൽ ഘോഷയാത്ര സമാപിക്കും.
വൈകുന്നേരം 4:30 ന് മൗലിദ് പാരായണത്തോടെ പൊതുസമ്മേളനത്തിന് തുടക്കമാവും. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രാർഥന നിർവഹിക്കും. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സ്വാഗത പ്രസംഗം നടത്തും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും. അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പൊലിമയും വൈവിധ്യവും നിറഞ്ഞുനിൽക്കുന്ന ആസ്വാദന സദസ്സ് വൈകുന്നേരം 7 മണിക്ക് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കും. തിരുനബി സ്നേഹികൾക്ക് അത്യപൂർവ ആസ്വാദനം സമ്മാനിച്ച് വേദിയിൽ ഫുജൈറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രൂപ്പിന്റെ ഗ്രാൻഡ് മൗലിദ് അരങ്ങേറും. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് അബ്ദുല്ല മഅതൂഖ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം നടത്തും.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, അബൂ ഹനീഫൽ ഫൈസി തെന്നല, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സയ്യിദ് ത്വാഹ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, എ പി അബ്ദുൽ കരീം ഹാജി ചാലിയം, അബ്ദുറഹ്മാൻ ഹാജി കുറ്റൂർ, സി പി ഉബൈദുല്ല സഖാഫി, ഫിർദൗസ് സഖാഫി കടവത്തൂർ, അബ്ദുറഹ്മാൻ ദാരിമി കൂറ്റമ്പാറ, ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ, മജീദ് കക്കാട് സംബന്ധിക്കും.