വേദി സജ്ജം; മർകസ് ഖുർആൻ ഫെസ്റ്റ് ഇന്ന് ആരംഭിക്കും
കേരളത്തിലെ ഏറ്റവും വലിയ ഖുർആൻ ഫെസ്റ്റിൽ 29 ക്യാമ്പസിലെ 800 വിദ്യാർഥികൾ മാറ്റുരക്കും...
ഇന്ന് വൈകുന്നേരം ആരംഭിക്കുന്ന മർകസ് ഖുർആൻ ഫെസ്റ്റിന്റെ വേദി
കേരളത്തിലെ ഏറ്റവും വലിയ ഖുർആൻ ഫെസ്റ്റിൽ 29 ക്യാമ്പസിലെ 800 വിദ്യാർഥികൾ മാറ്റുരക്കും...
ഇന്ന് വൈകുന്നേരം ആരംഭിക്കുന്ന മർകസ് ഖുർആൻ ഫെസ്റ്റിന്റെ വേദി
കോഴിക്കോട്: വിശുദ്ധ ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ മർകസ് ഖുർആൻ ഫെസ്റ്റ്(എം.ക്വു.എഫ്) ഇന്ന് ആരംഭിക്കും. വിശുദ്ധ ഖുർആന്റെ അവതീർണ പശ്ചാത്തലവും സന്ദേശവും വിളംബരം ചെയ്യുന്ന ചിത്രീകരണത്തോടെ കാരന്തൂരിലെ മർകസ് കൺവെൻഷൻ സെന്ററിൽ ഒരുക്കിയ വേദിയിലാണ് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങൾ നടക്കുക.
മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ രണ്ടാം എഡിഷനിൽ കേരളത്തിലെ വിവിധ ജില്ലകളിലെ 29 ക്യാമ്പസുകളിലെ 800 വിദ്യാർഥികൾ മാറ്റുരക്കും. ഖുർആൻ പ്രമേയമായ 28 വ്യത്യസ്ത മത്സരങ്ങളാണ് ഫെസ്റ്റിന്റെ മുഖ്യ ആകർഷകം. ഖുർആൻ പാരായണത്തിലും മനഃപാഠത്തിലും പരിശീലിപ്പിക്കുകയും അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരങ്ങളിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുകയും ചെയ്യുകയെന്നതാണ് ഫെസ്റ്റിന്റെ ലക്ഷ്യം. വിശുദ്ധ ഖുർആന്റെ മാനവിക സന്ദേശം, ബഹുസ്വരത, ശാസ്ത്രീയ വീക്ഷണം എന്നിവ വിളംബരം ചെയ്യുന്ന വിവിധ സെഷനുകളും ഫെസ്റ്റിൽ നടക്കും.
നാല് സെക്ടറുകളിലായി ഒരുമാസത്തോളം നീണ്ടുനിന്ന സെക്ടർ തല മത്സരങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികളാണ് സെൻട്രൽ ഫെസ്റ്റിൽ മത്സരിക്കുക. ഖുർആന്റെ പാരായണ സൗന്ദര്യം, ആശയ ഗാംഭീര്യം, മനഃപാഠ മികവ് എന്നിവ വിലയിരുത്തിയ സെക്ടർതല മത്സരങ്ങൾ ബുഖാരിയ്യ മപ്രം, ഉമ്മുൽ ഖുറ വളപട്ടണം, മമ്പഉൽ ഹുദ കേച്ചേരി, മർകസ് കാരന്തൂർ എന്നീ നാല് ക്യാമ്പസുകളിലാണ് നടന്നത്.
വെള്ളിയാഴ്ച വൈകുന്നേരം നാലിന് മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ജാമിഅ മര്കസ് ചാന്സിലര് സി. മുഹമ്മദ് ഫൈസി, റെക്ടര് മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, മര്കസ് ഡയറക്ടര് സി. പി ഉബൈദുല്ല സഖാഫി, എം.എം.ഐ സി.എ.ഒ വി എം റശീദ് സഖാഫി, മർകസ് ഖുർആൻ അക്കാദമി പ്രിന്സിപ്പല് ഹാഫിള് അബൂബക്കര് സഖാഫി, ഹനീഫ് സഖാഫി ആനമങ്ങാട്, ഹാഫിള് അബ്ദു സമദ് സഖാഫി മൂര്ക്കനാട് തുടങ്ങി ഖുർആൻ വിജ്ഞാനശാഖയിൽ പാണ്ഡിത്യമുള്ള പ്രഗത്ഭർ ഫെസ്റ്റിന്റെ വിവിധ സെഷനുകളിൽ സംസാരിക്കും. വിദേശ ഖുർആൻ പണ്ഡിതരായ ഖാരിഅ് ശൈഖ് ഫൗസി സഈദ് ഹൈകൽ ഈജിപ്ത്, ഖാരിഅ് ശൈഖ് ത്വാരിഖ് അബ്ദുൽ ഹാദി ഒമാൻ, ഹബീബ് മഹ്ദി അബൂബക്കർ അൽ ഹാമിദ് മലേഷ്യ തുടങ്ങിയവർ പങ്കെടുക്കും. മുസാബഖതു മആരിഫില് ഖുര്ആന്, മുസാബഖതു മആജിമില് ഖുര്ആന്, മുസാബഖതു കലിമാതില് ഖുര്ആന് തുടങ്ങി കേരളത്തിൽ വ്യാപകമല്ലാത്ത വിവിധ മത്സരങ്ങള് അരങ്ങേറും. ഫെസ്റ്റിന്റെ ഭാഗമായി പൊതുജനങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ടി മെഗാ ക്വിസ് അടക്കമുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. നവംബർ 10 ഞായറാഴ്ച്ച വൈകുന്നേരം ഫെസ്റ്റ് സമാപിക്കും.