കോഴിക്കോട്: മലേഷ്യൻ സർക്കാരിന്റെ മതകാര്യ വകുപ്പിന്റെ നടക്കുന്ന അന്താരാഷ്ട്ര സ്വഹീഹുൽ ബുഖാരി പാരായണ സംഗമത്തിന് തുടക്കമായി. ഭരണ തലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയിൽ 12 ദിവസം നീണ്ടുനിൽക്കുന്ന സംഗമത്തിൽ ലോക പ്രശസ്ത പണ്ഡിതരാണ് പാരായണ സദസ്സുകൾക്ക് നേതൃത്വം നൽകുക. നവംബർ 21 വ്യാഴാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീം ചടങ്ങ് ഉദ്ഘാടനം ചെയ്യും.
പരിശുദ്ധ ഖുർആന് ശേഷം ഏറ്റവും പ്രബല ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലൂടെ ഇസ്ലാമിക പൈതൃകവും പാരമ്പര്യവും വളർത്തിയെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. മലേഷ്യ മദനി നയത്തിന് കീഴിൽ പാരമ്പര്യ ഇസ്ലാമിന്റെ വ്യാപനത്തിനും വളർച്ചക്കുമായി നിരവധി പദ്ധതികളാണ് മലേഷ്യൻ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം ജൂലൈയിൽ പുത്ര മസ്ജിദിൽ വാർഷിക ബുഖാരി സംഗമങ്ങൾ ആരംഭിച്ചത്. മതപണ്ഡിതർക്കുള്ള മലേഷ്യൻ ഭരണകൂടത്തിന്റെ പരമോന്നത ബഹുമതിയായ മഅൽ ഹിജ്റ പുരസ്കാരം നേടിയതിന് പിറകെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയാണ് പ്രസ്തുത സംഗമത്തിന് തുടക്കമിട്ടത്.
കഴിഞ്ഞ പത്തുമുതൽ ആരംഭിച്ച പാരായണ സദസ്സുകൾ മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഈം ബിൻ മുഖ്താറിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ശൈഖ് മുഹമ്മദ് അബ്ദുൽ ഹുദ അൽ യഅ്ഖൂബി സിറിയ, അൽ ഹബീബ് ഉമർ ജല്ലാനി മലേഷ്യ, ഡോ. ലുഖ്മാൻ അബ്ദുല്ല, ഡോ. ജമാൽ ഫാറൂഖ് ഈജിപ്ത്, ശൈഖ് ഇസ്മാഈൽ മുഹമ്മദ് സ്വാദിഖ് ഉസ്ബസ്കിസ്താൻ തുടങ്ങിയവർ വിവിധ ദിവസങ്ങളിലെ പാരായണ സദസ്സുകൾക്ക് നേതൃത്വം നൽകും. സമാപന ചടങ്ങിൽ സ്വഹീഹുൽ ബുഖാരി ദർസിന് പുറമെ ഗ്രാൻഡ് മുഫ്തിയുടെ പ്രഭാഷണവും ഇജാസത്ത് ചടങ്ങും നടക്കും. ഉപപ്രധാനമന്ത്രിമാരും മലേഷ്യൻ സർക്കാരിലെ ഉന്നതരും സംബന്ധിക്കും.