കവരത്തി: സീക്യു പ്രീസ്കൂൾ നെറ്റ്വർക്കിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി കവരത്തിയിൽ സംഘടിപ്പിച്ച ലക്ഷദ്വീപ് സ്റ്റുഡന്റസ് കോൺവെക്കേഷന് പ്രൗഢ സമാപനം. ലക്ഷദ്വീപിലെ ഒൻപത് സീക്യു സെൻ്ററുകളിൽ നിന്ന് പ്രീസ്കൂൾ പഠനം പൂർത്തിയാക്കിയ 150ലധികം വിദ്യാർഥികൾ ബിരുദം സ്വീകരിച്ചു. ചടങ്ങിൽ സീക്യു ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി മുഖ്യാതിഥിയായി.
സയ്യിദ് സഹീർ ഹുസൈൻ ജീലാനി കവരത്തി പ്രാർഥന നടത്തി. ലക്ഷദ്വീപ് സീനിയർ സിവിൽ ജഡ്ജ് ചെറിയകോയ ഉദ്ഘാടനം ചെയ്തു. വിവിധ ദ്വീപുകളിൽ അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിൽ മർകസ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപിൽ അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബിരുദദാന പ്രസംഗത്തിൽ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി ഊന്നിപ്പറഞ്ഞു. ദ്വീപിലെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലയിൽ മർകസ് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നതിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
മൂന്ന് വർഷത്തെ പ്രീസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള എട്ടു വർഷം നീണ്ടു നിൽക്കുന്ന തുടർ പഠന സംവിധാനമായ സമോറ- സീക്യൂ മോറൽ സ്ട്രീം ആന്ത്രോത്ത്, കവരത്തി ദ്വീപുകളിലെ പുതിയ സെൻ്ററുകൾക്കുള്ള അഫിലിയേഷൻ സർട്ടിഫിക്കറ്റ് വിതരണവും, ലക്ഷദ്വീപ് വിദ്യാർഥികൾക്കായി പ്രത്യേകം തയ്യാർ ചെയ്ത ഭാഷ-സാംസ്കാരിക പഠന പുസ്തകം 'ശരതം' (ജസരി) പ്രകാശനവും ഡോ. അസ്ഹരി നിർവഹിച്ചു. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന പ്രാദേശിക ഭാഷയിൽ ഊന്നിയുള്ള പ്രാഥമിക പഠനത്തിന് ഇത് പ്രത്യേകം സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ സീക്യൂ ജോയിൻ ഡയറക്ടർ സി.പി സിറാജ് സഖാഫി, ആച്ചാട അഹ്മദ് ഹാജി (കോൺഗ്രസ്) സലീം ചെറിയത്തോട (എൻ.സി.പി-എസ്.പി) ടി.എം ഹംസത്ത് മുസ്ലിയാർ (ഖാസി) ഹംസകോയ സഖാഫി (മുസ്ലിം ജമാഅത്ത്) തുടങ്ങി വിവിധ മത, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു. സീക്യു പി.ആർ മാനേജർ അനീസ് കടമത്ത് സ്വാഗതവും അക്കാദമിക് ഡയറക്ടർ ഇല്യാസ് അബ്ദുള്ള നന്ദിയും പറഞ്ഞു. വിവിധ സെൻ്ററുകളിൽ നിന്നുള്ള വിദ്യാർഥികളുടെ കലാപരിപാടികളും കോൺവെക്കേഷനോടനുബന്ധിച്ച് നടന്നു.