മഹത്തുക്കളെ അനുസ്മരിക്കുന്നത് മനുഷ്യരെ നവീകരിക്കും: കാന്തപുരം ഉസ്താദ്
ഉലമാക്കളെ അനുസ്മരിച്ച് മർകസ് തിദ്കാർ...

മർകസ് തിദ്കാർ അനുസ്മരണ സംഗമം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.
ഉലമാക്കളെ അനുസ്മരിച്ച് മർകസ് തിദ്കാർ...

മർകസ് തിദ്കാർ അനുസ്മരണ സംഗമം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: സച്ചരിതരായ മഹത്തുക്കളുടെയും മുൻഗാമികളുടെയും ഉസ്താദുമാരുടെയും ചരിത്രം മനസ്സിലാക്കുന്നത് മനുഷ്യരെ നവീകരിക്കുമെന്നും ജീവചരിത്രം ഒരു കാലഘട്ടത്തിന്റെ ചലനങ്ങൾ അടുത്തറിയാനുള്ള ഉപാധികൂടിയാണെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. റബീഉൽ ആഖിർ മാസത്തിൽ വിടപറഞ്ഞ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതൃത്വത്തിന്റെയും ജാമിഅ മർകസ് മുദരിസുമാരുടെയും അനുസ്മരണ സംഗമം 'തിദ്കാർ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹപ്രവർത്തകരും ശിഷ്യരും തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളുടെയും ഉസ്താദുമാരുടെയും ജീവിതചിത്രങ്ങൾ പുതുതലമുറയുമായി പങ്കിട്ടത് പഴയകാല മതാധ്യാപന രീതികളും മാതൃകാ ജീവിതവും അടുത്തറിയാനുള്ള അവസരമാണ് ഒരുക്കിയത്. പണ്ഡിതരുടെയും സാദാത്തുക്കളുടെയും അറിവും ആരാധനയും സൂക്ഷ്മതയും വിനയവും സാമൂഹ്യ രീതികളും പൊതുജന സമ്പർക്കവും ആത്മീയതയും നിറഞ്ഞു നിന്ന സംസാരങ്ങൾ അവരുടെ വ്യക്തിജീവിതവും സാമൂഹിക ജീവിതവും അടുത്തറിയാനുള്ള അവസരമാണ് ശ്രോതാക്കൾക്ക് സമ്മാനിച്ചത്. തന്റെ ഉസ്താദുമാരെയും സഹപ്രവർത്തകരെയും മർകസിലെ ആദ്യകാല മുദരിസുമാരെയും അനുസ്മരിച്ച് കാന്തപുരം ഉസ്താദ് നടത്തിയ ഉദ്ഘാടന പ്രഭാഷണം ഏറെ വൈകാരികമായി.
സമസ്തക്ക് ജനകീയ അടിത്തറയും ആശയ ഭദ്രതയും ഉറപ്പുവരുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി ഉള്ളാൾ, സുന്നി സംഘടനകൾക്ക് ആത്മീയ ഉണർവും ആവേശവും പകർന്ന സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ, കേരളത്തിലെ മദ്റസാ പ്രസ്ഥാനത്തിന് രൂപം നൽകിയ പണ്ഡിത ശ്രേഷ്ഠർ നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്ലിയാർ, മർകസിന്റെ സ്ഥാപക നേതാവും വിദ്യാഭ്യാസ ബോർഡിന്റെയും മർകസിന്റെയും പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ അവേലം, സമസ്ത സാരഥികളും ജാമിഅ മർകസ് മുദരിസുമാരുമായിരുന്ന ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാർ, എ പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം, പടനിലം ഹുസൈൻ മുസ്ലിയാർ, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ഖാരിഅ് ഹസൻ മുസ്ലിയാർ തുടങ്ങിയവരുടെ വൈജ്ഞാനിക മികവും സാമൂഹിക ഇടപെടലുകളും പ്രമേയമാക്കിയ പ്രത്യേക പ്രഭാഷണങ്ങളാണ് തിദ്കാറിൽ നടന്നത്.
മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സംഗമത്തിൽ പി സി അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അബ്ദുല്ല സഖാഫി മലയമ്മ, ഹനീഫ സഖാഫി ആനമങ്ങാട്, അബ്ദുൽ ഖാദിർ സഖാഫി പൈലിപ്പുറം തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ജാമിഅ മർകസ് മുദരിസുമാർ സംബന്ധിച്ചു.