25 കുടുംബങ്ങൾക്ക് കുടിവെള്ളമൊരുക്കി മർകസ്; കമ്മ്യൂണിറ്റി വാട്ടർ പ്രൊജക്ട് ഉദ്ഘാടനം ചെയ്തു
മർകസ് കുടിവെള്ള പദ്ധതി പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
മർകസ് കുടിവെള്ള പദ്ധതി പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: മർകസ് സാമൂഹ്യക്ഷേമ വകുപ്പ് കൊടുവള്ളി കല്ലിടുക്കിൽ നിർമിച്ച കമ്യൂണിറ്റി വാട്ടർ പ്രൊജക്റ്റ് നാടിന് സമർപ്പിച്ചു. കുടിവെള്ളക്ഷാമം പതിവായ സാഹചര്യം പ്രദേശവാസികൾ മർകസ് അധികൃതരെ ഉണർത്തിയതിനെ തുടർന്നാണ് നഗരസഭയിലെ കല്ലിടുക്ക് പറമ്പത്തുകാവ് പ്രദേശത്ത് ശുദ്ധജല പദ്ധതി ആരംഭിച്ചത്. പ്രദേശത്തെ 25 കുടുംബങ്ങൾക്ക് ഉപകരിക്കുന്ന വിധം നിർമിച്ച കിണറും 10000 ലിറ്റർ ടാങ്കും പൈപ്പ് കണക്ഷനും അഡ്വ. പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. മർകസ് സി എ ഒ വിഎം റശീദ് സഖാഫി പദ്ധതി വിശദീകരിച്ചു.
ഈ വർഷം ഇത് ഒൻപതാമത്തെ കമ്യൂണിറ്റി വാട്ടർ പ്രോജക്റ്റാണ് മർകസിന് കീഴിൽ നിർമിച്ച് പൊതുജനങ്ങൾക്ക് സമർപ്പിക്കുന്നത്. വയനാട് ജില്ലയിലെ കൽപറ്റ, മേപ്പാടി, കുപ്പാടിത്തറ, പാലക്കാട് ജില്ലയിലെ തെക്കേപ്പൊറ്റ, ആലത്തൂർ, കണ്ണൂർ ജില്ലയിലെ ഇരിക്കൂർ, മലപ്പുറത്തെ എടവണ്ണപ്പാറ, മധ്യപ്രദേശിലെ ഇൻഡോർ എന്നിവിടങ്ങളിലാണ് നാൽപത് മുതൽ അറുപത് കുടുംബങ്ങൾക്ക് വരെ ഉപയോഗിക്കാനാവുന്ന സാമൂഹ്യ കുടിവെള്ള പദ്ധതികൾ ഈ വർഷം മർകസ് നിർമിച്ചത്. കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റുമായി നൂറിലധികം കിണറുകളും ഈ വർഷം നിർമിച്ചുനൽകിയിട്ടുണ്ട്.
പദ്ധതിക്കാവശ്യമായ ഭൂമി സൗജന്യമായി നൽകിയ അബ്ദുറഹ്മാന്‍കുട്ടി കല്ലിടുക്കില്‍, തവളാന്കുഴിയില് ഹുസൈന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ്, നഗരസഭാ കൗൺസിലർമാരായ വായോളി മുഹമ്മദ് മാസ്റ്റർ, ബാലൻ, ജമീല കളത്തിങ്ങൽ, ഷഹർബാനു അസ്സയിൻ, മർകസ് ക്ഷേമകാര്യ വകുപ്പ് സി ഒ ഒ സ്വാദിഖ് നൂറാനി വെളിമണ്ണ, കുടിവെള്ള പദ്ധതി പ്രൊജക്റ്റ് മാനേജർ അബ്ദുസ്സലാം നൂറാനി, കോർഡിനേറ്റർ സയ്യിദ് മിസ്അബ് മശ്ഹൂർ നൂറാനി, പി ടി ഹുസൈൻകുട്ടി, നാസർ കല്ലിടുക്കിൽ, ശറഫുദ്ധീൻ ടി സി സംബന്ധിച്ചു.