ശൈഖ് ഉത്വയ്ബ കേരളത്തിന്റെ ഉറ്റ മിത്രം - ഗ്രാൻഡ് മുഫ്തി
മർകസിൽ നടന്ന ശൈഖ് ഉത്വയ്ബ അനുസ്മരണ പ്രാർഥനാ സംഗമത്തിന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്നു.
Markaz Live News
May 31, 2024
Updated
കോഴിക്കോട്: കഴിഞ്ഞ ദിവസം വിടപറഞ്ഞ യു എ ഇ പൗരപ്രമുഖനും കവിയുമായ ശൈഖ് സഈദ് ബിൻ അഹ്മദ് അൽ ഉത്വയ്ബ കേരളത്തിന്റെ ഉറ്റമിത്രവും ഇന്ത്യക്കാരെയും മലയാളികളെയും ഏറെ സ്നേഹിച്ച വ്യക്തിയുമായിരുന്നെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസിൽ നടന്ന ശൈഖ് ഉത്വയ്ബ അനുസ്മരണ ഖത്മുൽ ഖുർആൻ പ്രാർഥനാ സദസ്സിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നി പ്രസ്ഥാനങ്ങൾക്ക് കീഴിൽ നടക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികൾക്ക് വലിയ സഹായങ്ങൾ ചെയ്ത വ്യക്തിയായിരുന്നു ശൈഖ് ഉത്വയ്ബയെന്നും മർകസിന്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങളിൽ അദ്ദേഹത്തിനുള്ള പങ്ക് വിലമതിക്കാനാവാത്തതാണെന്നും ഗ്രാൻഡ് മുഫ്തി അനുസ്മരിച്ചു. വ്യക്തിപരമായ സൗഹൃദം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിച്ചും നന്മയിലധിഷ്ടിതമായ പ്രവർത്തനങ്ങൾ ചെയ്തും നാടിന്റെ സാമൂഹ്യ വികസനത്തിനായി അദ്ദേഹം വിനിയോഗിച്ചു. ശൈഖ് ഉത്വയ്ബയുടെ കേരളത്തിനോടുള്ള സ്നേഹത്തിൽ നന്ദിയും കടപ്പാടും പ്രാർഥനയും ഉണ്ടാവണമെന്നും കാന്തപുരം പറഞ്ഞു.
ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവർ ശൈഖ് ഉത്വയ്ബയുടെ സേവനങ്ങൾ പങ്കുവെച്ച് സംസാരിച്ചു. സംഗമത്തിൽ വി പി എം ഫൈസി വില്യാപ്പള്ളി, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദു സത്താർ കാമിൽ സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, പി സി അബ്ദുല്ല ഫൈസി, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുൽ ഗഫൂർ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, ബശീർ സഖാഫി കൈപ്പുറം, നൗശാദ് സഖാഫി കൂരാറ സംബന്ധിച്ചു.