കോഴിക്കോട്: സൗദി അറേബ്യയിലേക്കുള്ള ഫാമിലി, ബിസിനസ്, സ്റ്റുഡന്റസ്, വിസിറ്റിങ് അടക്കമുള്ള വിവിധ വിസകളുടെ സ്റ്റാമ്പിങ് വിഎഫ്എസ് കേന്ദ്രങ്ങൾ മുഖേനയാക്കിയത് പ്രവാസികൾക്കും ബന്ധപെട്ടവർക്കും ഏറെ പ്രയാസമാണുണ്ടാക്കുന്നത്. ഇക്കാര്യത്തിൽ പ്രവാസി സൗഹൃദ ഇടപെടലുകൾ ഉണ്ടാവണമെന്നും വിഎഫ്എസ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ സൗദി അംബാസിഡർ മുഖേന സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ കത്തെഴുതി.
കഴിഞ്ഞ മാസം മുതലാണ് സൗദിയിലേക്കുള്ള വിസ നടപടികളിൽ മാറ്റം വന്നത്. ട്രാവൽ ഏജൻസികൾ മുഖേന ചെയ്തിരുന്ന സ്റ്റാമ്പിങ് നടപടിക്രമങ്ങൾ വിഎഫ്എസ് കേന്ദ്രങ്ങളിലൂടെ മാത്രമാണ് ഇപ്പോൾ സാധ്യമാകുന്നത്. തൊഴിൽ വിസക്കും ഈ നിയമം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഹജ്ജ് തീർത്ഥാടനം കഴിയും വരെ ഇളവുണ്ടായേക്കും. വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്യലടക്കമുള്ള സേവനങ്ങൾ വിഎഫ്എസ് വഴിയാണ് ചെയ്യേണ്ടത്.
കേരളത്തിലെ കൊച്ചിയിലേതടക്കം ഇന്ത്യയിൽ ആകെ 9 കേന്ദ്രങ്ങളാണ് വിസ സേവനങ്ങൾക്കായി നിലവിൽ പ്രവർത്തിക്കുന്നത്. അപ്പോയിൻമെന്റ് എടുത്തതിന് ശേഷം രേഖകൾ ഹാജരാക്കി ബയോമെട്രിക് അടക്കമുള്ള നടപടി ക്രമങ്ങൾ പാലിച്ചെങ്കിൽ മാത്രമേ ഈ സെന്ററുകൾ മുഖേന വിസ സ്റ്റാമ്പിങ് സാധ്യമാവൂ. കേരളം പോലുള്ള പ്രവാസികൾ ധാരാളമുള്ള പ്രദേശത്തെ ഏക വിഎഫ്എസ് സെന്ററിന് ഉൾക്കൊള്ളാനാവാത്ത വിധമാണ് അപേക്ഷകരുടെ എണ്ണം എന്നത് അപ്പോയിന്മെന്റ് ലഭിക്കാൻ കാലതാമസം ഉണ്ടാക്കുന്നുണ്ട്. ഇന്റർനെറ്റ് സംവിധാനങ്ങളുടെ വേഗതക്കുറവും മതിയായ ജീവനക്കാരുടെ അപര്യാപ്തതയും അപ്പോയിന്മെന്റ് ലഭിച്ചവരുടെ സ്റ്റാമ്പിങ് പോലും പൂർത്തിയാകാത്ത സ്ഥിതിവിശേഷമാണുണ്ടാക്കുന്നത്.
സ്റ്റാമ്പിങ് നടപടികൾക്കായി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ളവർ കൊച്ചിയെ ആശ്രയിക്കണമെന്നത് കേരളത്തിലെ സവിശേഷ ഗതാഗത സംവിധാനത്തിൽ ഏറെ പ്രയാസകരമാണ്. ഈ സാഹചര്യത്തിൽ കൊച്ചിക്ക് പുറമെ സൗദി പ്രവാസികൾ ഏറെയുള്ള മലബാറിലും വിഎഫ്എസ് സെന്റർ ആരംഭിക്കണമെന്നും സാധാരണക്കാരായ പ്രവാസികൾക്ക് ഗുണകരമാവും വിധം ഓൺലൈൻ നടപടികൾ ആയാസരഹിതമാക്കണമെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ കത്തിൽ ആവശ്യപ്പെട്ടു.