മർകസ് നോളജ് സിറ്റിയിൽ വിദേശ ഫലമായ ഗാക് വിളവെടുത്തു
മര്കസ് നോളജ് സിറ്റിയിലെ ഗാക് പഴങ്ങളുടെ വിളവെടുപ്പ് സി എ ഒ അഡ്വ. തന്വീര് ഉദ്ഘാടനം ചെയ്യുന്നു
മര്കസ് നോളജ് സിറ്റിയിലെ ഗാക് പഴങ്ങളുടെ വിളവെടുപ്പ് സി എ ഒ അഡ്വ. തന്വീര് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: മര്കസ് നോളജ് സിറ്റിയിൽ വിദേശ ഫലത്തിന്റെ വിളവെടുപ്പ് ആരംഭിച്ചു. വിയറ്റ്നാമിലും തായ്ലാന്ഡ്, കംബോഡിയ തുടങ്ങിയ ഫാര് ഈസ്റ്റ് രാജ്യങ്ങളിലെല്ലാം വ്യാപകമായി കൃഷി ചെയ്യുന്ന 'ഗാക്' എന്ന 'മധുരപ്പാവലി'ന്റെ വിളവെടുപ്പാണ് നടന്നത്. കണ്ണ്, ത്വക്ക്, ഹൃദയം തുടങ്ങിയവയുടെ പ്രവര്ത്തനത്തെ പുഷ്ടിപ്പെടുത്തുന്ന വിവിധ വിറ്റാമിനുകളുടെ കലവറയായ ഗാക് സ്വര്ഗത്തിലെ കനി എന്നും പഴപ്രേമികള്ക്കിടയില് അറിയപ്പെടുന്നുണ്ട്.
മോര്മോഡിക്ക കൊച്ചിന് ചയ്നേന്സിസ് (Momordica Cochinchinenssi) എന്നാണ് ഗാക്കിന്റെ ശാസ്ത്രീയനാമം. പച്ചക്ക് തൊലിയുള്പ്പെടെ കറിവെച്ചും പഴുത്തശേഷം തൊലി കളഞ്ഞ് പഴമായും ജ്യൂസടിച്ച് പാനീയമായും കഴിക്കാവുന്നതാണ് ഗാക്. പഴുത്ത് പാകമായ പഴത്തിന്റെ മാംസത്തിന് മഞ്ഞനിറവും വിത്തിനും പാളികള്ക്കും ചുവപ്പുനിറവുമാണ്. വിപണിയില് വലിയ ഡിമാന്റാണ് ഗാകിന് ലഭിക്കുന്നത്. 900 മുതല് 1,500 രൂപ വരെയാണ് ഒരു കിലോ ഗാക്കിന് വില. പാവലും പടവലവുമെല്ലാം കൃഷിചെയ്യുന്നതു പോലെ പന്തല് നാട്ടിയാണ് ഗാക് നട്ടുവളര്ത്തുന്നത്. ഒരു വര്ഷമാകുമ്പോള് പൂത്തുതുടങ്ങുന്ന ഗാക് ചെടിയില്നിന്ന് ഒരോവര്ഷവും 30 മുതല് 60 വരെ പഴങ്ങള് ലഭിക്കും. വിത്ത് മുളപ്പിച്ചും കമ്പുകള് ഗ്രാഫ്റ്റ് ചെയ്തും തൈകളുണ്ടാക്കാം. മൂത്ത തൈകളുടെ കമ്പ് വേരുപിടിപ്പിച്ചും തൈകളാക്കാം. നല്ലസൂര്യപ്രകാശവും വളക്കൂറുള്ള മണ്ണും ജലസേചന സൗകര്യവുമാണ് ഗ്രീന് സിറ്റിയിലെ ഗാക് കൃഷി വിജയകരമാക്കാന് സഹായിച്ചതെന്ന് പരിപാലകന് റശീദ് സഖാഫി അഭിപ്രായപ്പെട്ടു.
ചാണകപ്പൊടിയുള്പ്പെടെയുള്ള ജൈവവളം ധാരാളമായി ചേര്ക്കുന്നുണ്ട്. ആണ്ച്ചെടിയും പെണ്ച്ചെടിയും വേണമെന്നതാണ് ഇതിന്റെ പ്രത്യേകത. പരാഗത്തിനായി 10 ചെടിക്ക് ഒരാണ്ച്ചെടി എന്നതാണ് അനുപാതം. നവംബര് മുതല് ഫെബ്രുവരി വരെയാണ് പൂക്കാലം. വര്ഷത്തില് രണ്ടുമൂന്നു തവണ പൂക്കും. കുലകളായും ഒറ്റപ്പെട്ടും പൂക്കളുണ്ടാകും. കൃത്രിമ പരാഗവും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
മര്കസ് നോളജ് സിറ്റിയില് നൂറോളം ഗാകുകളാണ് കായ്ച്ചിരിക്കുന്നത്. പാകമായവ വിളവെടുത്തു തുടങ്ങി. വിളവെടുപ്പുദ്ഘാടനം മര്കസ് നോളജ് സിറ്റി സി എ ഒ അഡ്വ. തന്വീര് ഉമര് ഉദ്ഘാടനം ചെയ്തു. ഡോ. സയ്യിദ് നിസാം, അഡ്വ. മുഹമ്മദ് ശംവീല് നൂറാനി, റശീദ് സഖാഫി മലേഷ്യ തുടങ്ങിയവര് പങ്കെടുത്തു.