നോളജ് സിറ്റി: ശ്രവണ സുന്ദരമായ ഖുര്‍ആന്‍ പാരായണം കൊണ്ട് ശ്രദ്ധേയമായി മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹിലെ തറാവീഹ് നിസ്കാരം. അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരങ്ങളില്‍ നിരവധി തവണ ജേതാവായ ഹാഫിസ്് ശമീര്‍ അസ്ഹരിയുടെ നേതൃത്വത്തിലാണ് തറാവീഹ് നിസ്കാരം നടക്കുന്നത്. എസ് എസ് എഫ് സാഹിത്യോത്സവ്, സ്കൂള്‍ കലോത്സവം, അഖില കേരള മത്സരങ്ങള്‍ തുടങ്ങിയ വേദികളില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തി ഖുര്‍ആന്‍ പാരായണ രംഗത്ത് അരങ്ങേറിയ ഹാഫിസ് ശമീര്‍ അസ്ഹരി 2010ല്‍ ഈജിപ്തില്‍ വെച്ച് നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ- മനഃപ്പാഠ മത്സരത്തില്‍ ജേതാവായിരുന്നു. കൂടാതെ, ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്, ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് എന്നീ മത്സരങ്ങളില്‍ ഉന്നത വിജയവും നേടിയ പ്രതിഭയാണ് ജാമിഉല്‍ ഫുതൂഹിലെ തറാവീഹിന് ഇമാം.
മൂന്ന് വര്‍ഷത്തോളം അബൂദാബി ഗവണ്മെന്റിനു കീഴില്‍ ഇമാമായി സേവനം അനുഷ്ടിച്ചിരുന്ന അസ്ഹരി മര്‍കസ് തഹ്ഫീസുല്‍ ഖുര്‍ആന്‍ അക്കാദമിയില്‍ നിന്നാണ് ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയത്. തുടര്‍ന്ന്, വര്‍ഷങ്ങളോളം ജാമിഅ മര്‍കസില്‍ പഠനം നടത്തി. മൂന്ന് വര്‍ഷം ഈജിപ്തിലെ അല്‍അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഏഴ് ഖിറാഅത്ത് പഠനം പൂര്‍ത്തീകരിച്ചത്. മലപ്പുറം ചേറൂര് സ്വദേശിയാണ് ഹാഫിസ് ശമീര്‍ അസ്ഹരി. ഖാരിഅ് മുഹമ്മദ് ഹനീഫ സഖാഫിയാണ് പാരായണ- മനഃപ്പാഠ രംഗത്തെ ശമീര്‍ അസ്ഹരിയുടെ പ്രധാന ഗുരു.
പ്രതിദിനം ഒരു ജുസ്അ് വീതമാണ് തറാവീഹ് നിസ്കാരത്തില്‍ പാരായണം ചെയ്യുന്നത്. ഇശാ നിസ്കാരനന്തരം ആരംഭിക്കുന്ന തറാവീഹ് നിസ്കാരം 10 മണിയോടെയാണ് അവസാനിക്കും. ശമീര്‍ അസ്ഹരിയുടെ ഖിറാഅത്ത് കേട്ടുകൊണ്ട് തറാവീഹ് നിസ്കരിക്കാന്‍ നാടിന്റെ നാനാദിക്കുകളില്‍ നിന്ന് വിശ്വാസികള്‍ ജാമിഉല്‍ ഫുതൂഹില്‍ എത്തുന്നുണ്ട്. യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ക്ക് നോമ്പ് തുറയും മറ്റ് സൗകര്യങ്ങളും ജാമിഉല്‍ ഫുതൂഹില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് ജാമിഉല്‍ ഫുതൂഹില്‍ ഇഅ്തികാഫിലായി രാപ്പാര്‍ക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
അതോടൊപ്പം, ഖുര്‍ആന്‍ പാരായണം പഠിക്കാനും തിലാവത്ത് സനദ് സ്വീകരിക്കാനും ഉദ്ദേശിക്കുന്നവര്‍ക്കായി മര്‍കസ് തഹ്ഫീസുല്‍ ഖുര്‍ആന്‍ അക്കാദമിയിലെ പ്രമുഖ ഖാരിഉകളുടെ നേതൃത്തില്‍ വിവിധ കോഴ്സുകളും ജാമിഉല്‍ ഫുതൂഹില്‍ വെച്ച് റമസാനില്‍ നടക്കുന്നുണ്ട്.