പണ്ഡിതരുടെ വാക്കുകൾ ആധികാരികമാവണം: മർകസ് മുൽതഖൽ അസാതിദ
ജാമിഅ മർകസ് മുൽതഖൽ അസാതിദയിൽ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു.
Markaz Live News
December 18, 2024
Updated
കോഴിക്കോട്: കൃത്യമായ റഫറൻസുകൾ അവലംബിച്ചതും ആധികാരികവുമാവണം പണ്ഡിതരുടെ സംസാരങ്ങളും ഇടപെടലുകളുമെന്ന് ജാമിഅ മർകസ് മുൽതഖൽ അസാതിദ. പണ്ഡിതരുടെ വാക്കുകളാണ് സമൂഹത്തിലെ സാധാരണക്കാർ ആശ്രയിക്കുകയും ഏറ്റുപിടിക്കുകയും ചെയ്യുക. അതുകൊണ്ടുതന്നെ ആധികാരികവും കൃത്യവുമല്ലാത്ത വാക്കുകൾ ഉണ്ടാവരുത്. ആവശ്യമായ വിഷയങ്ങളിൽ ആഴത്തിൽ അന്വേഷിച്ചും പഠനം നടത്തിയുമാവണം ഇടപെടേണ്ടത്. മതിയായ സമയം ഉപയോഗപ്പെടുത്തി സൂക്ഷമതയോടെയും സ്ഥിരതയോടെയുമാവണം ഇസ്ലാമിക വിജ്ഞാനീയങ്ങൾ പഠിക്കേണ്ടതെന്നും മുൽതഖൽ അസാതിദ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജാമിഅ മർകസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മുന്നോറോളം മുദരിസുമാർ പങ്കെടുത്ത സംഗമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. ജാമിഅ ചാൻസിലർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ പ്രാർഥന നിർവഹിച്ചു.
ഇസ്ലാമിക വിജ്ഞാന കൈമാറ്റത്തിലെ പുതുപ്രവണതകളും വെല്ലുവിളികളും നവീകരണങ്ങളും ചർച്ചയായ സംഗമത്തിൽ ജാമിഅ പ്രൊ. ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ആമുഖഭാഷണം നടത്തി. റഈസുൽ ഉലമയുടെയും സുൽത്വാനുൽ ഉലമയുടെയും പ്രത്യേക ഇജാസ സെഷനുകളും സംഗമത്തിന്റെ ഭാഗമായി നടന്നു. ജാമിഅ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, കുല്ലിയ്യ ശരീഅ മേധാവി അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല വിവിധ വിഷയങ്ങളിൽ സംസാരിച്ചു. വി പി എം ഫൈസി വില്യാപ്പള്ളി, പൊന്മള മുഹ്യിദ്ദീൻ കുട്ടി ബാഖവി, പി സി അബ്ദുല്ല ഫൈസി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, ഇസ്സുദ്ദീൻ കാമിൽ സഖാഫി കൊല്ലം, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, സി പി ഉബൈദുല്ല സഖാഫി, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുൽ ഗഫൂർ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം, ബശീർ സഖാഫി കൈപ്പുറം, നൗശാദ് സഖാഫി കൂരാറ സംബന്ധിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർ കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ സ്വാഗതവും അക്ബർ ബാദുഷ സഖാഫി നന്ദിയും പറഞ്ഞു.