അറബി സവിശേഷ പ്രാധാന്യമുള്ള ഭാഷയും സംസ്കാരവും: സി മുഹമ്മദ് ഫൈസി ...
ജാമിഅ മർകസിൽ നടന്ന അറബി ഭാഷ ദിനാചരണ സെമിനാർ ചാൻസിലർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
Markaz Live News
December 19, 2024
Updated
കോഴിക്കോട്: ദൈവിക സന്ദേശത്തിന്റെ ഭാഷ എന്നതുൾപ്പെടെ അനേകം സവിശേഷതകളുള്ള ഭാഷയാണ് അറബിയെന്ന് ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി. പൗരാണിക കാലം മുതൽ അത്യാധുനിക കാലം വരെയുള്ള മനുഷ്യരോടെല്ലാം സമ്പുഷ്ടമായി സംവദിക്കാനുള്ള ശേഷി അറബി ഭാഷയെ വേറിട്ട് നിർത്തുന്നുവെന്നും ഒരു ഭാഷയിൽ നിന്ന് സംസ്കാരത്തിലേക്കും ജീവിതരീതിയിലേക്കും വികസിക്കാൻ അറബി ഭാഷക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ലോക അറബി ഭാഷ ദിനാചരണത്തോടനുബന്ധിച്ച് ജാമിഅ മർകസിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെമിനാറിൽ കുല്ലിയ്യ ഉസൂലുദ്ദീൻ മേധാവി അബ്ദുല്ല സഖാഫി മലയമ്മ ആമുഖഭാഷണം നടത്തി. കുല്ലിയ്യ ലുഗ അറബിയ്യ മേധാവി ഉമറലി സഖാഫി എടപ്പുലം അധ്യക്ഷത വഹിച്ചു. അറബി ഭാഷ സാധിച്ച വിപ്ലവം, കേരളീയ പണ്ഡിതരുടെ അറബി ഭാഷ സംഭാവന, ഭാഷയുടെ അമാനുഷികത, ശൈലികൾ, സൗന്ദര്യം തുടങ്ങി വിവിധ വിഷയങ്ങളിൽ മുഹമ്മദ് ശംശാദ് അരക്കുപറമ്പ്, തൻസീഹ് കൽപകഞ്ചേരി, അബ്ദുൽ ബാസിത് മഴൂർ, സഫ്വാൻ യു വി ചപ്പാരപ്പടവ്, ആദിൽ മൊഗ്രാൽ, അബ്ദുല്ലത്വീഫ് ചിയ്യൂർ, അബ്ദുൽ ബാസിത് ലക്ഷദ്വീപ്, മുഹമ്മദ് വാണിമേൽ, അബ്ദുൽ മുഹയ്മിൻ അരീക്കോട്, യാസീൻ കുഴിമണ്ണ, നിശാദ് ദേവർശോല, ഇർഷാദ് അലി ബീഹാർ, മുഹമ്മദ് കഫീൽ വാസിഥ്വി, ശൗക്കത്ത് റസ, മുഹമ്മദ് ഫുർഖാൻ ബസ്മൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് ജാമിഅയിലെ വിവിധ കുല്ലിയ്യകളുടെ ആഭിമുഖ്യത്തിൽ ഡിബേറ്റുകളും ആശയകൈമാറ്റ സെഷനുകളും അവതരണങ്ങളും അനുഭവ വിവരണവും നടന്നു. മർകസ് റൈഹാൻ വാലി, കശ്മീരി ഹോം ഉൾപ്പെടെയുള്ള സെൻട്രൽ ക്യാംപസിലെ വിവിധ സ്ഥാപനങ്ങളിലും വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.