ധാർമിക വിദ്യാഭ്യാസത്തിന് മാത്രമേ സമാധാന സാമൂഹികാന്തരീക്ഷം സാധ്യമാക്കാനാവൂ: കാന്തപുരം ഉസ്താദ്
മർകസ് വാർഷിക സനദ് ദാന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു
Markaz Live News
February 18, 2025
Updated
കോഴിക്കോട്: ധാർമിക വിദ്യാഭ്യാസത്തിന് മാത്രമേ സമാധാന സാമൂഹികാന്തരീക്ഷം സാധ്യമാക്കാനാവൂ എന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ലഹരി ഉപയോഗവും റാഗിങും വ്യാപകമായതിന് പിന്നിൽ ലിബറൽ ആശയങ്ങൾക്ക് വലിയ പങ്കുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മർകസ് സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസ് വാർഷിക സനദ്ദാന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുരോഗമ ജനതയെന്ന് അഭിമാനം കൊള്ളുന്ന നമ്മുക്കിടയിൽ വെച്ചാണ് ഒരു വിദ്യാർഥിയുടെ ശരീരത്തിൽ മുറിവുകളുണ്ടാക്കി സഹപാഠികൾ ഏറെ സമയം പീഡിപ്പിച്ചത്. ഒപ്പമുള്ളവരെ നോവിപ്പിച്ച് ആനന്ദിക്കുന്നവരും അധ്യാപർക്കെതിരെ കൊലവിളി ഉയർത്തുന്നവരുമായി നമ്മുടെ വിദ്യാർഥികളെ മാറ്റാൻ ചില കോണുകളിൽ നിന്ന് ശ്രമങ്ങൾ ഉണ്ടാവുന്നു. അത് അനുവദിച്ചുകൂടാ. സാമൂഹിക അവബോധവും ധാർമിക മൂല്യങ്ങളും പുതുതലമുറ വിദ്യാർഥികളെ അഭ്യസിപ്പിക്കാൻ സർക്കാർ സംവിധാനങ്ങളും വിദ്യാഭ്യാസ വകുപ്പും മുന്നോട്ട് വരേണ്ടതുണ്ടെന്നും പാഠ്യ പദ്ധതിയിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ അക്രമവും അരാജകത്വവും സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ലഹരി മാഫിയകൾക്ക് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും കാന്തപുരം കൂട്ടിച്ചേർത്തു.