യമനി പണ്ഡിതൻ സഹവാസാനുഭൂതി പകര്‍ന്ന സുഹ്ബക്ക് പര്യാവസാനം
മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടന്ന സുഹ്ബയില് നിന്ന്
Markaz Live News
February 22, 2025
Updated
നോളജ് സിറ്റി : മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടന്ന 'സുഹ്ബ' സഹവാസ ക്യാമ്പിന് ഭക്തിസാദ്രമായ പര്യാവസാനം. ചൊവ്വാഴ്ച മുതല്‍ ജാമിഉല്‍ ഫുതൂഹില്‍ നടന്ന ക്യാമ്പില്‍ 10ല്‍ പരം വിദേശ രാജ്യങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സംബന്ധിച്ചു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള പണ്ഡിതന്മാരും പ്രൊഫഷണലുകളും സംരംഭകരും ഉള്‍പ്പെടെയുള്ള വിശ്വാസികളാണ് ജാമിഉല്‍ ഫുതൂഹില്‍ എത്തിച്ചേര്‍ന്നത്. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഹബീബ് ഉമര്‍ തങ്ങളുടെ രിഹ്ലയുടെ ഭാഗമായാണ് സുഹ്ബ സംഘടിപ്പിച്ചത്.
ആത്മ സംസ്കരണ പ്രഭാഷണങ്ങള്‍, അദ്കാറുകള്‍, പ്രകീര്‍ത്തന സംഗങ്ങള്‍, പ്രാര്‍ഥനാ മജ്ലിസുകള്, ആത്മീയ- വിശ്വാസ- പഠന ക്ലാസ്സുകള്‍ എന്നിവയാണ് സുഹ്ബയില് നടന്നത്. ഹബീബ് അബ്ദുറഹ്മാൻ വൽ ഫഖീഹ് രചിച്ച റഫ്ഉൽ അസ്താർ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ഹബീബ് ഉമർ ഹഫീളിന്റെ സെഷനുകൾ നടന്നത്.