എ. അഹ്മദ് കുട്ടി ഹാജിയുടെ വിയോഗത്തിൽ അനുശോചിച്ച് കാന്തപുരം ഉസ്താദ്

എ. അഹ്മദ് കുട്ടി ഹാജി

എ. അഹ്മദ് കുട്ടി ഹാജി
കോഴിക്കോട്: മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റി സീനിയർ മെമ്പറായിരുന്ന എ. അഹ്മദ് കുട്ടി ഹാജിയുടെ വിയോഗത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അനുശോചിച്ചു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ഉൾപ്പെടെ ശക്തമായ കരുത്തായി നിന്ന ഒരു അടുത്ത കൂട്ടുകാരനെയാണ് ഹാജിയുടെ വിയോഗത്തിലൂടെ തനിക്ക് നഷ്ടമായതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ഓർമ്മിച്ചു. സമസ്ത കേരള സുന്നി യുവജന സംഘം (SYS) സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് എറണാകുളത്തെ എയർലൈൻസ് ഹോട്ടൽ ഉടമയായിരുന്ന അഹ്മദ് കുട്ടി ഹാജിയെ പരിചയപ്പെട്ടതു മുതലുള്ള സുദീർഘമായ ബന്ധമായിരുന്നു അത്. സാമ്പത്തിക പ്രതാപത്തിൽ നിൽക്കുമ്പോഴും പണ്ഡിതന്മാർക്കൊപ്പം രാപ്പകലില്ലാതെ ദീനിപ്രവർത്തനങ്ങൾക്കായി ഇറങ്ങിത്തിരിക്കാൻ അദ്ദേഹം മടിച്ചില്ലെന്നും 'നാലുകാശുള്ളവർ ഉലമാക്കളോടൊപ്പം നടക്കുന്നത് നാണക്കേടാണെങ്കിൽ ആ നാണക്കേട് തന്നെയാണ് തനിക്ക് വേണ്ടത്' എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാടെന്നും കാന്തപുരം അനുസ്മരിച്ചു.
സുന്നി പ്രസ്ഥാനം വലിയ പ്രതിസന്ധി നേരിട്ട 1989-ലെ ചരിത്രപ്രസിദ്ധമായ എറണാകുളം സമ്മേളനം വിജയകരമാക്കുന്നതിൽ അഹ്മദ് കുട്ടി ഹാജി നിർണായക പങ്കാണ് വഹിച്ചത്. സമ്മേളന വിരോധികളുടെ കടുത്ത എതിർപ്പുകളെയും പരിഹാസങ്ങളെയും വകവെക്കാതെ, സ്വന്തം മാരുതി കാറിൽ നേതാക്കളെ കാണാനും നിർദേശങ്ങൾ സ്വീകരിക്കാനുമായി അദ്ദേഹം എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് നിരവധി തവണ യാത്ര ചെയ്തു. സമ്മേളന പ്രഖ്യാപനം മുതൽ അത് കഴിയും വരെ അദ്ദേഹത്തിന്റെ കാർ മാത്രം 22,000 കിലോമീറ്ററാണ് ഓടിയത്. സുന്നികളുടെ അസ്തിത്വം പ്രഖ്യാപിച്ച ഈ സമ്മേളനം സമസ്തയും മർകസുമെല്ലാം ഇന്നത്തെ വലിയ രൂപത്തിലേക്ക് വളരാൻ കാരണമായെന്നും, അതിനാൽ 'അഹ്മദ് കുട്ടി ഹാജിയെ എങ്ങനെ ഓർക്കുന്നു' എന്ന് ചോദിച്ചാൽ 'എറണാകുളം സമ്മേളനം' എന്ന ഒറ്റ ഉത്തരമേയുള്ളൂവെന്നും കാന്തപുരം ഉസ്താദ് വ്യക്തമാക്കി.
മരണപ്പെടുന്നത് വരെ മർകസ് കമ്മിറ്റിയിൽ സജീവമായിരുന്ന അദ്ദേഹം ചേരാനെല്ലൂരിലെ അൽ ഫാറൂഖിയ്യ സ്കൂൾ മർകസ് ഏറ്റെടുക്കുന്നതിലും, എറണാകുളം സമ്മേളനത്തിന്റെ സമർപ്പണമായി ഉയർന്നുവന്ന ജാമിഅ അശ്അരിയ്യയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ട് മധ്യകേരളത്തിൽ സുന്നി പ്രസ്ഥാനത്തിന് അഭിമാനകരമായ മുന്നേറ്റം സാധ്യമാക്കുന്നതിലും വലിയ പങ്കുവഹിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ റോഡ് യാത്രകൾ പരിമിതപ്പെടുത്തിയിരുന്നെങ്കിലും, പ്രിയപ്പെട്ട സഹപ്രവർത്തകനെ അവസാനമായി കാണാനും അന്ത്യകർമങ്ങളിൽ പങ്കുചേരാനും കാന്തപുരം ഉസ്താദ് നേരിട്ടെത്തിയിരുന്നു. പരേതന് വേണ്ടി പ്രാർഥിക്കുകയും, കുടുംബത്തിന്റെയും സ്നേഹജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കാന്തപുരം ഉസ്താദ് അറിയിച്ചു.
Read: https://www.facebook.com/share/p/19HJ55y9bd/
സാഹിത്യ ശില്പശാലക്ക് പ്രമുഖര് നേതൃത്വം നല്കും...