സ്കൂളുകളിൽ കുട്ടികൾ കുറയുന്നത് ജനനനിരക്കിലെ ഇടിവ് മൂലം; പഠനനിലവാരത്തകർച്ചയല്ലെന്ന് ഖലീൽ തങ്ങൾ


കോഴിക്കോട്: കേരളത്തിലെ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുറയുന്നത് പഠനനിലവാരത്തകർച്ച മൂലമല്ലെന്നും മറിച്ച് സംസ്ഥാനത്തെ ജനനനിരക്കിൽ ഉണ്ടായ വൻ ഇടിവ് കാരണമാണെന്നും സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി. പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ നിർമ്മിതികളും പുരോഗതിയും ഉണ്ടായിട്ടും കുട്ടികളുടെ എണ്ണത്തിൽ കാണുന്ന കുറവ് ഭാവിയിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം കോഴിക്കോട് നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ വ്യക്തമാക്കി.
2016-ൽ കേരളത്തിൽ 5,16,000 കുഞ്ഞുങ്ങൾ ജനിച്ച സ്ഥാനത്ത്, 2024 ആയപ്പോഴേക്കും ജനനസംഖ്യ 3,02,600 ആയി കുത്തനെ കുറഞ്ഞു. 2031 ആകുമ്പോഴേക്കും ഇത് ഏകദേശം 2,06,000 ആയി താഴുമെന്നാണ് കണക്കാക്കപ്പെടുന്നത്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ വിദ്യാലയങ്ങളിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കുറവുണ്ടാകുകയും ഇത് അധ്യാപകരുടെ തൊഴിലവസരങ്ങൾ വൻതോതിൽ ചുരുക്കുകയും ചെയ്യും. പൊതുവിദ്യാലയങ്ങളിൽ 50,000 സ്മാർട്ട് ക്ലാസ് റൂമുകൾ നിർമ്മിക്കുകയും പഠനനിലവാരം മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടും കുട്ടികളുടെ എണ്ണത്തിലെ കുറവ് പ്രകടമായിത്തന്നെ തുടരുകയാണ്.
ഈ പ്രതിസന്ധി വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒതുങ്ങില്ലെന്നും ഖലീൽ തങ്ങൾ ചൂണ്ടിക്കാട്ടി. വരുന്ന വർഷങ്ങളിൽ റെയിൽവേ സ്റ്റേഷനുകൾ, ബസുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി ജനജീവിതത്തിന്റെ സകല മേഖലകളിലും 40 മുതൽ 50 ശതമാനം വരെ ആളുകളുടെ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിനായി അയൽസംസ്ഥാനങ്ങൾ മാതൃകാപരമായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. തമിഴ്നാട് സർക്കാർ 'തായ്മാൻ തങ്ക മോതിരം' എന്ന പദ്ധതി ആവിഷ്കരിച്ചപ്പോൾ, മൂന്നാമത്തെയും നാലാമത്തെയും കുട്ടികൾ ജനിക്കുന്ന കുടുംബങ്ങൾക്ക് 30,000 മുതൽ 40,000 രൂപ വരെ സാമ്പത്തിക സഹായമാണ് ആന്ധ്രാപ്രദേശ് പ്രഖ്യാപിച്ചിരിക്കുന്നത്. സമാനമായ രീതിയിൽ ജനനനിരക്ക് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പ്രഖ്യാപനങ്ങൾ നടത്തേണ്ട അവസ്ഥയിലാണ് നിലവിൽ കേരളവുമുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം