മർകസ് ഖത്മുൽ ബുഖാരി, സനദ്ദാനം ഫെബ്രുവരി 15,16,17 തിയ്യതികളിൽ
മർകസ് ഖത്മുൽ ബുഖാരി സനദ് ദാന സമ്മേളനം സ്വാഗതസംഘ രൂപീകരണ സംഗമത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു.
മർകസ് ഖത്മുൽ ബുഖാരി സനദ് ദാന സമ്മേളനം സ്വാഗതസംഘ രൂപീകരണ സംഗമത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു.
കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സഖാഫി പണ്ഡിതരുടെ സനദ് ദാനവും 2025 ഫെബ്രുവരി 15,16,17 തിയ്യതികളിൽ നടക്കും. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആറു പതിറ്റാണ്ട് നീണ്ട മതാധ്യാപന ചരിത്രത്തിൽ ഏറെ പ്രധാനമാണ് പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ ദർസ്. ആഗോള കീർത്തിനേടിയ ഈ ദർസിൽ പങ്കെടുക്കാൻ വിദേശികളടക്കം മർകസിൽ എത്താറുണ്ട്. കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കിയ സഖാഫി പണ്ഡിതർക്കുള്ള സനദ്ദാനവും സഖാഫി സംഗമവും അഹ്ദലിയ്യ ആത്മീയ വേദിയും ഖത്മുൽ ബുഖാരിയോടനുബന്ധിച്ച് സംഘടിപ്പിക്കും. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മർകസിന്റെ അമ്പതാം വാർഷിക പദ്ധതികളുടെ പ്രഖ്യാപനവും സമ്മേളനത്തിൽ നടക്കും.
വിദേശ പണ്ഡിതർ, നയതന്ത്ര പ്രതിനിധികൾ, യൂണിവേഴ്സിറ്റി തലവന്മാർ, ദേശീയ നേതാക്കൾ, മന്ത്രിമാർ, മത-രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖർ ഉൾപ്പെടെ അതിഥികളായി എത്തുന്ന മൂന്നുദിവസത്തെ സമ്മേളനത്തിൽ ശൈഖ് സായിദ് പീസ് കോൺഫറൻസ്, വിദ്യാഭ്യാസ സംഗമം, വികസന സെമിനാർ, സാംസ്കാരിക സമ്മേളനം, മതസൗഹാർദ്ദ സംഗമം തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറും. സ്വഹീഹുൽ ബുഖാരി അധ്യാപന രംഗത്ത് ആറു പതിറ്റാണ്ട് പിന്നിടുന്ന ഇന്ത്യയിലെ അപൂർവ ഹദീസ് പണ്ഡിതൻ എന്ന നിലയിൽ കാന്തപുരത്തിന് സുന്നി സമൂഹം നൽകുന്ന ആദരം കൂടിയാവും സമ്മേളനം.
സമ്മേളന പദ്ധതികളുടെ അവലോകനമായി ചേർന്ന സ്വാഗതസംഘ കൺവെൻഷൻ മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ഉദ്ഘാടനം ചെയ്തു. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി പ്രാർഥന നിർവഹിച്ചു. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, എ സൈഫുദ്ദീൻ ഹാജി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ് സന്ദേശം നൽകി. പി സി ഇബ്റാഹീം മാസ്റ്റർ, അബ്ദുറഹ്മാൻ ബാഖവി, സയ്യിദ് കെ വി തങ്ങൾ, അബ്ദുലത്തീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു. വി എം അബ്ദുറശീദ് സഖാഫി സ്വാഗതവും പി മുഹമ്മദ് യൂസുഫ് നന്ദിയും പറഞ്ഞു.