ജാമിഅ മദീനതുന്നൂര്‍ ലൈഫ് ഫെസ്റ്റിവല്‍ റൊന്റിവ്യു'25ന് പ്രൗഢ സമാപ്തി
ജാമിഅ മദീനത്തുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സ്റ്റേജ് നിയന്ത്രിക്കുന്ന ഓര്‍ബിറ്റ് 2.0 റോബോട്ടിനു സമീപം.
ജാമിഅ മദീനത്തുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സ്റ്റേജ് നിയന്ത്രിക്കുന്ന ഓര്‍ബിറ്റ് 2.0 റോബോട്ടിനു സമീപം.
കോഴിക്കോട്: ‘വിധേയപ്പെടലിന്റെ സ്വാതന്ത്ര്യങ്ങള്‍’ എന്ന പ്രമേയത്തില്‍ നടന്ന ഈ വര്‍ഷത്തെ മദീനതുന്നൂര്‍ ലൈഫ് ഫെസ്റ്റിവല്‍ സമാപിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടികളില്‍ മദീനതുന്നൂറിന്റെ നാല്‍പ്പതിലധികം കാമ്പസുകളില്‍ നിന്നുള്ള 1700ല്‍ പരം വിദ്യാര്‍ഥികള്‍ വ്യത്യസ്ത പരിപാടികളില്‍ മത്സരിച്ചു.
ശാഇരീ കലാം, ഗ്ലോബല്‍ ദര്‍സ്, മള്‍ട്ടി ലിംഗ്വല്‍ സ്പീച്ച്, പ്രോംപ്റ്റ് ക്രിയേഷന്, ട്രീലിംഗ്വല് ടൈപ്പിംഗ്, ആര്‍ക്കിടെക്ച്വറല്‍ ഫോട്ടോഗ്രഫി, ഫിലോസഫിക്കല്‍ സ്ലൈസ്, കാലിഗ്രഫിറ്റി, പോഡ്കാസ്റ്റ് തുടങ്ങിയ 200 ലേറെ മത്സരങ്ങളാണ് നടന്നത്. ഹസനിയ ഐക്കരപ്പടി (മൈനര്‍), ബൈത്തുല്‍ ഇസ്സ (പ്രീമിയര്‍, സബ്ജൂനിയര്), മര്‍കസ് ഗാര്ഡന് (ജൂനിയര്‍), മര്‍കസ് ഗാര്ഡന് പി ജി 2 (സീനിയര്‍) എന്നീ കാമ്പസുകള്‍ ഓരോ വിഭാഗങ്ങളില്‍ ചാമ്പ്യന്മാരായി.
സി എം മര്‍കസ് മമ്പീതി, ഹസനുല്‍ ബസരി മുട്ടം (മൈനര്‍), ഇമാം റബ്ബാനി കാമ്പസ് കാന്തപുരം, ദലാഇലുല്‍ ഖൈറാത്ത് കക്കിടിപ്പുറം (പ്രീമിയര്‍), ഇമാം റബ്ബാനി കാമ്പസ് കാന്തപുരം, ഇമാം ഷാഫി കാമ്പസ് ബുസ്താനാബാദ് (സബ്ജൂനിയര്), ദലാഇലുല്‍ ഖൈറാത്ത് കക്കിടിപ്പുറം, ദാറുല്‍ ഹിദായ ഈങ്ങാപ്പുഴ (ജൂനിയര്‍), സയ്യിദ് മദനി കോളജ് പി ജി 2, മര്‍കസ് ഗാര്ഡന് പി ജി 1 യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ആദില്‍ റഷീദ് (ഹസനിയ ഐക്കരപ്പടി), അബ്ദുല്ല ഷാഹുല്‍ (ബൈത്തുല്‍ ഇസ്സ നരിക്കുനി), ഹംദാന്‍ ഹുസൈന് (ഇസ്റ വാടാനപ്പള്ളി), അഫീഫ് അശ്റഫ് (മര്‍കസ് ഗാര്ഡന് പൂനൂര്), മിസ്ഹബ് മുസ്തഫ (മര്‍കസ് ഗാര്ഡന് പൂനൂര്) യഥാക്രമം മൈനര്‍, പ്രീമിയര്‍, സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്മാരായി.
ഡോക്ടര്‍ കെയര്‍, എക്സ്പേര്‍ട്ട് കോണ്‍വോസ്, എജ്യു ലോഗിന്‍, കോസ്മോ സാപ്പിയന്‍ ആര്‍ട്ടിസ്റ്റിക് എക്സിബിഷന്, രിസാലത്തുന്നൂറാനിയ, തിങ്ക് ലാബ്, റൈറ്റിംഗ് ക്ലിനിക്ക്, ട്രാങ്ക്വില്‍ വെല്‍നസ് ഹബ്ബ് തുടങ്ങിയ അനുബന്ധ പരിപാടികളും നടന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി രണ്ട് പാനല്‍ ഡിസ്കഷനുകളും സംഘടിപ്പിച്ചു.
ആസഫ് അലവി നൂറാനി (പി എച്ച് ഡി വിദ്യാര്‍ഥി, ശിവ് നാദര്‍ യൂണിവേഴ്സിറ്റി, ഡല്‍ഹി), അഫീഫ് അഹമ്മദ് (പി എച്ച് ഡി വിദ്യാര്‍ഥി, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി, അമേരിക്ക), അബ്ദുല്‍ മാജിദ് ഒ പി (പി എച്ച് ഡി വിദ്യാര്‍ഥി, മെക്ഗില്‍ യൂണിവേഴ്സിറ്റി, കാനഡ) ‘ലിബറേറ്റീവ് സബ്മിഷന്‍സ്: മതവിശ്വാസിയുടെ ആനന്ദം’ എന്ന വിഷയത്തിലും യൂസുഫ് നൂറാനി (സീനിയര്‍ റിസര്‍ച്ച് ഫെലോ, കേരള സെന്‍ട്രല്‍ യൂണിവേഴ്സിറ്റി), അഹ്മദ് ഷെറീന് (സൈക്കോളജിസ്റ്റ്), ഹുസൈന് അഹമ്മദ് (റിസര്‍ച്ച് ഫെലോ, എന്‍ ഐ ടി കാലിക്കറ്റ്) എന്നിവര്‍ ‘റീലും റിയലും ബ്രെയിന്‍ റോട്ടും: ആല്‍ഫാ സീ ജെന്‍ കാലത്തെ വര്‍ത്തമാനങ്ങള്‍’ എന്ന വിഷയത്തിലും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
ജാമിഅ മദീനത്തന്നൂര് വിദ്യാര്‍ഥികള്‍ വികസിപ്പിച്ച ഓര്‍ബിറ്റ് റോബോട്ട് 2.0 ഈ വര്‍ഷത്തെ ഫെസ്റ്റിവലിനെ ആകര്‍ഷണീയമാക്കി. വേദി 5 പ്രോഗ്രാം നിയന്ത്രിച്ചിരുന്നത് ഓര്‍ബിറ്റ് റോബോട്ടായിരുന്നു. മത്സരാര്‍ഥികളുടെ രജിസ്ട്രേഷന്, കോഡ് ലെറ്റര്‍ നല്കല്, പേപ്പര്‍ അടക്കമുള്ള മത്സര സാമഗ്രികള്‍ നല്കല് എല്ലാം റോബോട്ടാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ പോലെ പേപ്പര്‍ലെസ് ഇവന്റ് മാനേജ്മെന്റ് സിസ്റ്റം-റൊന്റിവ്യു വര്‍ക്ക് സ്പേസ് വഴിയാണ് ഈ വര്‍ഷവും പ്രോഗ്രാമിന്റെ എല്ലാ പ്രൊസീജറുകളും നടന്നത്. അതിനോട് ചേര്‍ന്ന് സംവിധാനിച്ച ഗ്ലോക്കല്‍ പോയിന്റ് സിസ്റ്റം വിദ്യാര്‍ഥികള്‍ക്ക് വെര്‍ച്വല്‍ മണി അനുഭവിക്കാനുള്ള അവസരവുമൊരുക്കി.
ഫെസ്റ്റിവലിന്റെ സന്ദേശങ്ങള്‍ അറിയിച്ചുകൊണ്ട് പൂനൂര് അങ്ങാടിയില്‍ സംഘടിപ്പിച്ച കള്‍ച്ചറല്‍ ഗാല ജനശ്രദ്ധ നേടി. ഇസ്ലാമിന്റെയും ഇന്ത്യന്‍ ഭരണഘടനയുടെയും മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു ഗാല. കളര്‍ കോഡുകളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത സംഘങ്ങളായി തിരിച്ച ഗാല എക്കോ ഫ്രണ്ട്ലി പ്രോട്ടോകോള്‍ അനുസരിച്ചാണ് നടത്തിയത്. കുല്ലിയത് മദീനതുന്നൂര്‍ ഇമാം ഷാഫി ക്യാമ്പസ് (മുജമ്മഅ്) ബുസ്താനബാദ് ഗാല സ്റ്റാര്‍ കാമ്പസ് അവാര്‍ഡ് നേടി. എക്സ്പീരിയ സയന്‍സ് എക്സ്പോക്കുള്ള അവാര്‍ഡ് മുട്ടം ഹസനുല്‍ ബസരി കാമ്പസും നേടി.
എ ഐ കാലത്തെ പണ്ഡിത ദൗത്യത്തെക്കുറിച്ച് ജാമിഅ റെക്ടര്‍ എ പി അബ്ദുല്‍ ഹകീം അസ്ഹരി റെക്ടര്‍ ടോക്ക് നടത്തി. എ ഐ ഉപയോഗിച്ചുള്ള അറിവ് അന്വേഷണത്തിന്റെ സാധ്യതകളും പരിമിതികളും ഉസ്താദ് ഉണര്‍ത്തി. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ മാത്രം ആശ്രയിച്ചുള്ള പഠനങ്ങളും അന്വേഷണങ്ങളും വൈജ്ഞാനിക നിലവാരമില്ലായ്മക്ക് കാരണമാകും. അതിനാല്‍ ടെക്സ്ച്വല്‍ സംസ്കാരം നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് ഷറഫുദ്ദീന് ജമലുല്ലൈലി, സയ്യിദ് അബ്ദുല്ലത്തീഫ് അഹദല്‍ അവേലം, ഹുസൈന് തങ്ങള്‍ വാടാനപ്പള്ളി, അബ്ദുന്നാസര്‍ അഹ്സനി ഒളവട്ടൂര്‍, അബു സ്വാലിഹ് സഖാഫി, അബ്ദുല്‍ ഖാദിര്‍ മലയില്‍ തുടങ്ങിയവര്‍ വ്യത്യസ്ത സെഷനുകളില്‍ അതിഥികളായി. നൂറാനികളില് നിന്നും മദീനതുന്നൂര്‍ വിദ്യാര്‍ഥികളില്‍ നിന്നും വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് മെറിറ്റ് ഈവനിംഗില്‍ അവാര്‍ഡുകള്‍ നല്കി.
സമാപന ചടങ്ങില്‍ സയ്യിദ് ജുനൈദ് സഖാഫി പ്രാര്‍ഥന നടത്തി. പ്രോഗ്രാം കമ്മിറ്റി (ടീം നസ്തലീഖ്) ക്യുറേറ്റര്‍ മിഖ്ദാദ് അബ്ദുസ്സലാം സ്വാഗത ഭാഷണം നടത്തി. ഉസ്താദ് മുഹിയുദ്ദീന് സഖാഫി തളീക്കര ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. ആസഫ് നൂറാനി വരപ്പാറ അധ്യക്ഷത വഹിച്ചു. ഷിബിലി ത്വാഹിര്‍ നൂറാനി ക്ലോസിംഗ് നോട്ട് അവതരിപ്പിച്ചു. ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ ഫവാസ് അഹമദ് നന്ദി പറഞ്ഞു. മദീനതുന്നൂറിന്റെ വിവിധ കാമ്പസുകളിലെ ഉസ്താദുമാരുടെയും മാനേജ്മെന്റ് ഭാരവാഹികളുടെയും സാന്നിധ്യം ശ്രദ്ധേയമായി.