മർകസ് ഖത്മുൽ ബുഖാരി, സനദ്ദാനം: സമ്പൂർണ വളണ്ടിയർ സംഗമം നാളെ
Markaz Live News
February 11, 2025
Updated
കാരന്തൂർ: ഈമാസം 15, 16, 17 തിയ്യതികളിൽ നടക്കുന്ന മർകസ് ഖത്മുൽ ബുഖാരി, സനദ്ദാന സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി സമ്പൂർണ വളണ്ടിയർ സംഗമം നാളെ വൈകുന്നേരം ഏഴിന് ആരംഭിക്കും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെ സാന്നിധ്യത്തിൽ നടക്കുന്ന സംഗമത്തിൽ സമ്മേളനത്തിന്റെ ഒരുക്കങ്ങളും സമ്മേളന വിജയത്തിനാവശ്യമായ പദ്ധതികളും ചർച്ചചെയ്യും. ദേശീയ-അന്തർദേശീയ അതിഥികളും പൊതുജനങ്ങളും പങ്കെടുക്കാറുള്ള മർകസിലെ സമ്മേളനങ്ങളും അൽ മൗലിദുൽ അക്ബർ ഉൾപ്പെടെയുള്ള മുഴുവൻ പരിപാടികളും വിജയകരമാക്കുന്നതിൽ വളണ്ടിയർമാർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
15 ന് നടക്കുന്ന ബറാഅത്ത് പ്രാർഥനാ സംഗമം, 16 ലെ സനദ്ദാന പൊതുസമ്മേളനം, 17 ന് രാവിലെ നടക്കുന്ന ഖത്മുൽ ബുഖാരി എന്നിവക്കാവശ്യമായ ക്രമീകരണങ്ങളും ഒരുക്കങ്ങളും യോഗത്തിൽ ചർച്ചചെയ്യും. സയ്യിദ് അബ്ദുലത്വീഫ് അഹ്ദൽ അവേലം, പി മുഹമ്മദ് യൂസുഫ്, മുഹമ്മദലി സഖാഫി വള്ളിയാട്, അക്ബർ ബാദുഷ സഖാഫി, ഷമീം കെ കെ, ദുൽകിഫിൽ സഖാഫി, അബ്ദുല്ല മാതോലത്ത്, മിസ്തഹ് മൂഴിക്കൽ എന്നിവർ സംഗമത്തിൽ സംബന്ധിക്കും. നിലവിൽ പേരുനൽകിയവരും വളണ്ടിയറാവാൻ ആഗ്രഹിക്കുന്നവരും യോഗത്തിൽ സംബന്ധിക്കണമെന്ന് സ്വാഗതസംഘം ഓഫീസ് അറിയിച്ചു. 9072500442